05July2012

You are here: Home Kerala Thrissur കോച്ച്ഫാക്ടറി: സ്ഥലംസര്‍വേ പൂര്‍ത്തിയായി

കോച്ച്ഫാക്ടറി: സ്ഥലംസര്‍വേ പൂര്‍ത്തിയായി

പാലക്കാട്: കഞ്ചിക്കോട് റെയില്‍വേ കോച്ച്ഫാക്ടറിക്കായി സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത 239 ഏക്കര്‍ സ്ഥലത്തിന്റെ സര്‍വേ പൂര്‍ത്തിയായി.

റെയില്‍വേയും സ്ഥലമെടുപ്പുവിഭാഗവും സംയുക്തമായാണ് സര്‍വേ

നടത്തിയത്. നിര്‍ദിഷ്ട സ്ഥലത്തുനിന്ന് ജലസേചനകനാല്‍ ഉള്‍പ്പെടുന്ന 12 ഏക്കര്‍ സ്ഥലം ഒഴിവാക്കിയിട്ടുണ്ട്. ഇനി, സ്ഥലം റെയില്‍വേ ഏറ്റെടുക്കണം. ഇത് രണ്ടാംവട്ടമാണ് സ്ഥലത്ത് സര്‍വേ നടത്തുന്നത്.

കോച്ച്ഫാക്ടറിക്കായി സര്‍ക്കാര്‍ കണ്ടെത്തിയ 430 ഏക്കര്‍ സ്ഥലത്തില്‍ 239 ഏക്കറാണ് ആദ്യഘട്ടത്തില്‍ റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ രൂപരേഖ നേരത്തെ റെയില്‍വേക്ക് കൈമാറിയിരുന്നു. എന്നാല്‍, 239 ഏക്കര്‍ സ്ഥലം പ്രത്യേകമായി അളന്നുതിരിച്ച് തരണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടിരുന്നു.

239 ഏക്കര്‍സ്ഥലം അളന്നുതിരിച്ച് നല്‍കുന്നത് പൂര്‍ത്തിയായിട്ടുണ്ട്. ഈ സ്ഥലത്ത് നിലനില്‍ക്കുന്ന വലിയ ജലസേചനകനാല്‍ ഒഴിവാക്കിത്തരണമെന്ന് റെയില്‍വേ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

സ്ഥലം, റെയില്‍വേ ഉടന്‍ ഏറ്റെടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.

കോച്ച്ഫാക്ടറിക്ക് ശിലയിട്ട് മാസങ്ങള്‍കഴിഞ്ഞിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താത്തത് പദ്ധതിയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ആറുമാസത്തിനകം ആഗോളടെന്‍ഡര്‍ വിളിച്ച് നിര്‍മാണക്കമ്പനിയെ തിരഞ്ഞെടുക്കുമെന്നാണ് കേന്ദ്ര റെയില്‍വേമന്ത്രി അറിയിച്ചിരുന്നത്.

Newsletter