സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
- Last Updated on 06 February 2012
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫിബ്രവരി ഏഴിന് രാവിലെ 10 ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനനഗറില്‍ തിങ്കളാഴ്ച പതാക ഉയരും. എ.കെ.ജി. ഹാളില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍
പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കെ. വരദരാജന്‍, വൃന്ദാകാരാട്ട്, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
കഴിഞ്ഞ കോട്ടയം സമ്മേളനത്തിനുശേഷമുള്ള കാലയളവില്‍ സി.പി.എം. സമസ്തരംഗങ്ങളിലും വളര്‍ച്ച കൈവരിച്ചതായി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളന നഗരിയിലേക്കുള്ള പതാക, കൊടിമര, ദീപശിഖ ജാഥകള്‍ തിങ്കളാഴ്ച വൈകീട്ട് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഗമിക്കും. തിരുവനന്തപുരം ജില്ലയിലെ പതിനാല് കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന ദീപശിഖാ ജാഥകളും വൈകീട്ട് സ്റ്റേഡിയത്തിലെത്തും.
പ്രധാന ദീപശിഖ കാട്ടായിക്കോണം വി. ശ്രീധര്‍ സ്മൃതിമണ്ഡപത്തില്‍ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലാണ് സമ്മേളന നഗരിയിലെത്തിക്കുക. മൂന്ന് ജാഥകളും കേശവദാസപുരത്തുനിന്ന് ഒന്നിച്ച് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങും. പൊതുസമ്മേളന നഗരിയില്‍ അഞ്ചരമണിയോടെ ജാഥ എത്തും. സ്വാഗതസംഘം ചെയര്‍മാന്‍ എം.വിജയകുമാര്‍ ആറു മണിക്ക് പതാക ഉയര്‍ത്തും.