എസ് ബാന്‍ഡ്: മാധവന്‍നായര്‍ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ട്
- Last Updated on 05 February 2012
ബാംഗ്ലൂര്‍: എസ്.ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട ഐ.എസ്.ആര്‍.ഒ. അന്വേഷണ റിപ്പോര്‍ട്ടില്‍ മാധവന്‍ നായര്‍ക്കെതിരെ പരാമര്‍ശം. ആന്‍ട്രിക്‌സ്-ദേവാസ് കരാറില്‍ സുതാര്യതയില്ലായിരുന്നുവെന്നും മാധവന്‍ നായരും മറ്റു മൂന്ന് ശാസ്ത്രജ്ഞന്മാരുമാണ് ഇടപാടിന് പിന്നിലെന്നും റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്. കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മാധവന്‍ നായര്‍ക്ക് വീഴ്ച പറ്റിയെന്നാണ് നിഗമനം.
ഐ.എസ്.ആര്‍.ഒ.യുടെ മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കര നാരായണ, ആന്‍ട്രിക്‌സ് മുന്‍മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. ശ്രീധരമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ മുന്‍ഡയറക്ടര്‍ കെ.എന്‍. ശങ്കര തുടങ്ങിയവരാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മറ്റുശാസ്ത്രജ്ഞര്‍.
കരാറിലേര്‍പ്പെട്ടതില്‍ ഭരണപരമായതോ നടപടിക്രമങ്ങളിലെയോ വീഴ്ച മാത്രമല്ല ഉണ്ടായതെന്നും അതിലുപരിയായ ഗൂഢാലോചന നടന്നതായി തോന്നുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ''കരാര്‍ ദേവാസിന് പ്രത്യക്ഷത്തില്‍ത്തന്നെ അനുകൂലമാണ്. ആര്‍ബിട്രേഷന്‍ സംബന്ധമായ കാര്യങ്ങളില്‍ ദേവാസിനെ അന്തര്‍ദേശീയ സ്ഥാപനമായി പരിഗണിക്കണമെന്ന് പറയുന്നു.
എന്നാല്‍ ദേവാസ് രജിസ്റ്റര്‍ ചെയ്തത് ബാംഗ്ലൂരിലാണ്'' -റിപ്പോര്‍ട്ട് തുടരുന്നു. ബഹിരാകാശ, ധനവകുപ്പുകളുടെ നിയമവിഭാഗങ്ങളുടെ പരിശോധനയില്ലാതെയാണ് കരാറിലേര്‍പ്പെട്ടതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.2011 ഫിബ്രവരി 10-നാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യുഷ് സിന്‍ഹ, ബി.കെ. ചതുര്‍വേദി, പ്രൊഫ. ആര്‍. നരസിംഹ എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയത്.