11May2012

You are here: Home Kerala 'വെറുക്കപ്പെട്ടവന്‍' പ്രയോഗവുമായി വീണ്ടും വി.എസ്.

'വെറുക്കപ്പെട്ടവന്‍' പ്രയോഗവുമായി വീണ്ടും വി.എസ്.

തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്കുശേഷം 'വെറുക്കപ്പെട്ടവന്‍' വീണ്ടും കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചാവിഷയമാകുന്നു. സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'മതേതര ജനാധിപത്യ സംസ്‌കാരത്തിനു വേണ്ടി' എന്ന വിഷയത്തില്‍ നടന്ന

സെമിനാറിലാണ് പ്രതിപക്ഷ നേതാവ് വി. എസ്.അച്യുതാനന്ദന്‍ വീണ്ടും 'വെറുക്കപ്പെട്ടവര്‍' പരാമര്‍ശം ആവര്‍ത്തിച്ചത്.

മാറാട് കലാപത്തെയും കാസര്‍കോട്ടെ സംഘര്‍ഷത്തെയും കുറിച്ചു പരാമര്‍ശിച്ച ശേഷം ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളായ 'വെറുക്കപ്പെട്ടവരില്‍' അദ്ദേഹം എത്തുകയായിരുന്നു. രണ്ടാം മാറാട് വര്‍ഗീയ കൂട്ടക്കൊല സംബന്ധിച്ച് അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷനായ തോമസ് ജോസഫ് ശുപാര്‍ശചെയ്തത് ഇതിനു പിന്നിലെ ഗൂഢാലോചനയും വിദേശത്തുനിന്നുള്ള സാമ്പത്തിക സ്രോതസ്സുമൊക്കെ സംബന്ധിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്നാണ്.

അതനുസരിച്ച് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് പലതവണ കത്തെഴുതിയിട്ടും അനുകൂല പ്രതികരണമുണ്ടായില്ല. ഇതേത്തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന്റെ ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തി. ആ സംഘത്തിന് നേതൃത്വം നല്‍കിയ പോലീസ് സൂപ്രണ്ട് പ്രദീപ്കുമാര്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍, റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഘട്ടമെത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അദ്ദേഹത്തെ സ്ഥലംമാറ്റി.

മാറാട് കൂട്ടക്കൊല ആസൂത്രിതമായിരുന്നുവെന്നും മാറാട് ബീച്ച് സ്വന്തമാക്കാനുള്ള മാഫിയാ ശക്തികളുടെ താത്പര്യം അതിനു പിന്നിലുണ്ടായിരുന്നുവെന്നും വന്‍തോതില്‍ ഭൂമി കള്ളപ്പേരില്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയിരുന്നുവെന്നുമെല്ലാം അക്കാലത്തുതന്നെ വാര്‍ത്ത വന്നതാണ്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ അത് തടയാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയതായുള്ള ആരോപണവും ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ ചിലര്‍ക്ക് ഇതില്‍ പ്രത്യേക താത്പര്യമുണ്ടെന്ന് കരുതേണ്ടിവരും. കാസര്‍കോട്ട് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ഏതാനും നാളുകള്‍ക്കു മുമ്പുണ്ടായ ശ്രമവും അതു തടയാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചതും അന്വേഷിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണം അവസാനിപ്പിച്ചതും ഇതിനു സമാനമാണ്.

ഏറ്റവും ഒടുവില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്ത ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ടതാണെന്ന് വി.എസ്. ചൂണ്ടിക്കാട്ടി. മുംബൈയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയാക്രമണങ്ങളും സ്‌ഫോടനങ്ങളുമുണ്ടാക്കാന്‍ ചരടുവലിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൈയാളുകളായ 'വെറുക്കപ്പെട്ടവര്‍' കേരളത്തിലുമുണ്ടെന്ന് തീവ്രവാദവിരുദ്ധ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

അതു സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അന്വേഷണം തുടങ്ങിയിരിക്കുന്നുവെന്നാണ് വാര്‍ത്ത. ശരിയായ അന്വേഷണത്തിലൂടെ സത്യം അതിവേഗം കണ്ടെത്തുമെന്നു കരുതാമെന്ന് പ്രതിപക്ഷ നേതാവ് പ്രത്യാശിച്ചു. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുത് എന്നതാണ് മതനിരപേക്ഷതയുടെ അടിസ്ഥാനതത്വം. യഥാര്‍ഥ ജനാധിപത്യം പുലരുന്നതിന് അതാവശ്യവുമാണ്. എന്നാല്‍ വലതുപക്ഷ രാഷ്ട്രീയം തിരഞ്ഞെടുപ്പ് നേട്ടത്തിന് തരാതരം, മതവികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയും സാമുദായിക-വര്‍ഗീയ ശക്തികളുമായി കൂട്ടുചേരുകയും ചെയ്യുന്നുവെന്ന് വി. എസ്. കുറ്റപ്പെടുത്തി.

Newsletter