ചന്ദ്രപ്പനെതിരെ ബേബിയുടെ രൂക്ഷവിമര്‍ശം
- Last Updated on 06 February 2012
കൊല്ലം: സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.എ ബേബി രംഗത്ത്. ചന്ദ്രപ്പന്റെ സി.പി.എം വിമര്‍ശനം നിര്‍ഭാഗ്യകരമാണ്. ഇത് സി.പി.ഐ സെക്രട്ടറി തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള കൊടിമരജാഥയ്ക്ക് കശുവണ്ടിത്തൊഴിലാളികള്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എ ബേബി.
ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കുന്ന പ്രസ്താവന ചന്ദ്രപ്പന്‍ നടത്തരുത്. അടിയന്തരാവസ്ഥക്കാലത്ത് ഒറ്റുകാരന്റെ പണിയായിരുന്നു സി.പി.ഐക്ക്. അവര്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് പറയാന്‍ അവകാശമില്ല. അടിയന്തരാവസ്ഥയിലെ ഭീകരതയെ സി.പി.ഐ പിന്തുണച്ചു. എന്നിട്ടും ഇത്തരം വിമര്‍ശനങ്ങള്‍ സി.പി.എം പക്ഷേ ഉന്നിയിക്കുന്നില്ല. സി.പി.എമ്മിനുള്ളത് ജനപിന്തുണയുടെ ധാരാളിത്തമാണ്. അഴിമതിയില്ലെന്ന് കണ്ടെത്തിയിട്ടും ലാവലിന്‍ ഉന്നയിക്കുന്നത് എന്തിനാണ്. അനാവശ്യ വിവാദമുണ്ടാക്കി മാധ്യമശ്രദ്ധ നേടാന്‍ ചന്ദ്രപ്പന്‍ ശ്രമിക്കുകയാണെന്നും ബേബി കുറ്റപ്പെടുത്തി.