രാഷ്ട്രപതി: എന്‍.ഡി.എ യോഗത്തില്‍ ശിവസേന പങ്കെടുക്കില്ല
- Last Updated on 17 June 2012
ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള യോഗത്തില്‍ ശിവസേന പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇതുവരെ സമവായം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്. എല്‍.കെ അദ്വാനിയുടെ വസതിയിലാണ് യോഗം.
തങ്ങളുടെ പിന്തുണ പ്രണബിനായിരിക്കുമെന്ന് സഖ്യകക്ഷിയായ ജനതാദള്‍(യു) വ്യക്തമായ സൂചനനല്‍കി കഴിഞ്ഞു. മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ പേര് വലിച്ചിഴച്ചതിനെ ശിരോമണി അകാലിദള്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. മതിയായ വോട്ടുമൂല്യമില്ലാത്തതിനാല്‍ വെറുതെ സ്ഥാനാര്‍ഥിയെ നിര്‍ത്തി തോല്‍വി ഏറ്റുവാങ്ങേണ്ടെന്ന നിലപാടാണ് എന്‍.ഡി.എ.യിലെ മിക്ക കക്ഷികള്‍ക്കുമുള്ളത്.
തലമുതിര്‍ന്ന രാഷ്ട്രീയനേതാവായ പ്രണബ് മുഖര്‍ജിക്ക് ആദരണീയമായ അംഗീകാരം നല്‍കണമെന്ന് ജെ.ഡി.(യു) നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു. പ്രണബ് വിജയിക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രണബിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ സമവായമുണ്ടാക്കണമെന്നും മത്സരം ഒഴിവാക്കണമെന്നുമാണ് പാര്‍ട്ടിയിലെ മിക്ക നേതാക്കളുടെയും അഭിപ്രായം.