10May2012

You are here: Home Kerala ആറ്റുകാല്‍ പൊങ്കാല: 11,000 സ്ത്രീകള്‍ക്കെതിരെ കേസ്

ആറ്റുകാല്‍ പൊങ്കാല: 11,000 സ്ത്രീകള്‍ക്കെതിരെ കേസ്

തിരു: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ മാര്‍ഗതടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് കേസെടുത്തു. കണ്ടാലറിയുന്ന പതിനായിരത്തോളം സ്ത്രീകള്‍ക്കെതിരെ തിരുവനന്തപുരം തമ്പാനൂര്‍ പൊലീസും ആയിരത്തോളം സ്ത്രീകള്‍ക്കെതിരെ ഫോര്‍ട്ട് പൊലീസുമാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടിലും മൂന്നിലും പൊലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചു. സംഭവം വിവാദമായതോടെ എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. പൊതുസ്ഥലത്ത് യോഗങ്ങളും മറ്റും നിരോധിച്ച് ഹൈക്കോടതി ഉത്തരവ് വന്നശേഷം ആദ്യമായാണ് പൊങ്കാല അര്‍പ്പിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത്. കേസെടുത്ത കാര്യം പുറത്തായതോടെ മുഖം രക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഡിസിപി വി സി മോഹനനെ സസ്പെന്‍ഡ് ചെയ്തതായി ഡിജിപി അറിയിച്ചു. തമ്പാനൂര്‍ , ഫോര്‍ട്ട് എസ്ഐമാര്‍ക്കെതിരെയും നടപടിയുണ്ടാകും. പൊലീസിന് വീഴ്ചപറ്റിയതാണെന്നു പറഞ്ഞ്, സംഭവത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് വരുത്താനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ശ്രമം. കോടതി ഉത്തരവ് ലംഘിച്ചതിനും പൊതുസ്ഥലത്ത് മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും ഇന്ത്യന്‍ ശിക്ഷാനിയമം 188, 283 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒരുമാസം തടവും 200 രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഓവര്‍ബ്രിഡ്ജുമുതല്‍ തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷന്‍വരെ മാര്‍ഗതടസ്സമുണ്ടാക്കിയെന്നാണ് തമ്പാനൂര്‍ പൊലീസ് എടുത്ത കേസ്. മണക്കാടുമുതല്‍ പഴവങ്ങാടി ജങ്ഷന്‍വരെ പൊങ്കാലയിട്ടതിനാണ് ഫോര്‍ട്ട് സ്റ്റേഷനിലെ കേസ്. പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രഹസ്യമായാണ് കേസ് നടപടികള്‍ നീങ്ങിയത്. പൊലീസ് ക്യാമറയില്‍ പൊങ്കാലയിട്ടവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് കേസിന്റെ അനന്തരനടപടികളിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് പ്രശ്നം പുറത്തറിഞ്ഞത്. ഇതോടെ സര്‍ക്കാര്‍ നിലപാട് മാറ്റി. നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് കാറ്റില്‍പ്പറത്തിയാണ് കേസെടുത്തത്. കേസെടുക്കുന്നത് ശരിയല്ലെന്നും മുമ്പ് ഇത്തരത്തില്‍ കേസെടുത്തിട്ടില്ലെന്നും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കേസ് വേണമെന്നായിരുന്നു ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശം. കേസ് പരക്കെ പ്രതിഷേധത്തിനിടയാക്കിയതോടെയാണ് സര്‍ക്കാര്‍ അറിയാതെയാണെന്ന വാദവുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയത്. കേസിനെക്കുറിച്ച് മേലുദ്യോഗസ്ഥര്‍ അറിഞ്ഞില്ലെന്നാണ് ഡിജിപിയും പറഞ്ഞത്. സര്‍ക്കാര്‍നിലപാടിന് വിരുദ്ധമായി കേസെടുത്തെന്നാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ വാദം. ആറ്റുകാല്‍ പൊങ്കാലപോലെ പ്രസിദ്ധമായ ചടങ്ങില്‍ സംബന്ധിച്ചവര്‍ക്കെതിരെ കേസെടുത്തത് എസ്ഐയുടെ വ്യക്തിപരമായ തീരുമാനം മാത്രമായി വ്യാഖ്യാനിച്ച് തലയൂരാനാണ് സര്‍ക്കാരിന്റെ ഈ മലക്കംമറിയല്‍ . കഴിഞ്ഞ ബുധനാഴ്ചയാണ് ലക്ഷക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയര്‍പ്പിക്കാനായി നഗരത്തിലേക്കൊഴുകിയത്. ഹൈക്കോടതി വിധി പൊങ്കാലനടത്തിപ്പിനെ ബാധിക്കാനിടയുള്ള കാര്യം തിങ്കളാഴ്ച പ്രതിപക്ഷ, ഭരണകക്ഷി അംഗങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പാതയോരങ്ങളിലെ യോഗം നിരോധിച്ച ഹൈക്കോടതി ഉത്തരവ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് ബാധകമാകില്ലെന്നും പൊങ്കാലയ്ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യവും ഒരുക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കാനുള്ള മനപ്പൂര്‍വമായ ശ്രമമല്ല പൊങ്കാലയെന്നും പൊങ്കാലയ്ക്ക് വരുന്നവര്‍ സംഘം ചേരുന്നില്ലെന്നും ഓരോരുത്തരും കുടുംബത്തോടൊപ്പമാണ് വരുന്നതെന്നും അതുകൊണ്ട് കോടതിവിധി ബാധകമാകില്ലെന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞു.

 

Newsletter