അന്ത്യ അത്താഴം വികലമായി ചിത്രീകരിച്ചത് നിന്ദ: മുഖ്യമന്ത്രി
- Last Updated on 05 February 2012
കോട്ടയം: അന്ത്യ അത്താഴത്തെ സി.പി.എം വികലമായി ചിത്രീകരിച്ചത് ദൈവനിന്ദയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി.പി.എം ഖേദം പ്രകടിപ്പിക്കണം. യേശുവിനെ വിപ്ലവകാരിയെന്ന് വിശേഷിപ്പിച്ച സി.പി.എം ഇപ്പോള്‍ നിന്ദിച്ചിരിക്കുന്നു. യേശുവിന്റെ പ്രതിപുരുഷന്മാരെ നികൃഷ്ട ജീവികളെന്ന് വിശേഷിപ്പിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ മറ്റുപലതും പറയുന്നത്. സി.പി.എം എപ്പോഴും സ്വീകരിക്കുന്ന സമീപനം ഇതാണ്.
പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്ലെക്‌സ് ബോര്‍ഡിലാണ് ഡാവിഞ്ചിയുടെ ചിത്രമായ അന്ത്യ അത്താഴം മോര്‍ഫ് ചെയ്ത് ഉപയോഗിച്ചത്. വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബോര്‍ഡുകള്‍ എടുത്തു മാറ്റിയിരുന്നു. ചിത്രം മോര്‍ഫ് ചെയ്തതിനെതിരെ കെ.സി.ബി.സിയും സീറോ മലബാര്‍ സഭയും രംഗത്തു വന്നിരുന്നു.