1000 കോടി തേടി കെ.എസ്.ആര്‍.ടി.സി നിവേദനം
- Last Updated on 05 February 2012
തിരുവനന്തപുരം: കടക്കെണിയില്‍നിന്ന് മോചനം നേടാന്‍ കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കേന്ദ്ര ആസൂത്രണ കമ്മീഷനോട് 1000 കോടി രൂപയുടെ സഹായം തേടി. കഴിഞ്ഞയാഴ്ച സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിങ് അലുവാലിയയ്ക്ക് ഇതുസംബന്ധിച്ച അപേക്ഷ, ട്രാന്‍.കോര്‍പ്പറേഷനുവേണ്ടി മന്ത്രി വി.എസ്.ശിവകുമാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതിദിനം 15 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇപ്പോള്‍ 116 കോടി രൂപയാണ് ശരാശരി പ്രതിമാസ വരുമാനം. 168 കോടി രൂപ ചെലവ്. പ്രതിവര്‍ഷം അഞ്ഞൂറുകോടി യോളം രൂപയാണ് വരവും ചെലവും തമ്മിലുള്ള അന്തരം. 872.80 കോടി രൂപ കെ.ടി.ഡി.എഫ്.സിയില്‍ നിന്നും 65 കോടി രൂപ എല്‍.ഐ.സിയില്‍ നിന്നും 55.96 കോടി രൂപ ഹഡ്‌കോയില്‍ നിന്നും 500.50 കോടി രൂപ സര്‍ക്കാരില്‍ നിന്നുംകോര്‍പ്പറേഷന്‍ വായ്പയെടുത്തിട്ടുണ്ട്. പ്രതിമാസം 53 കോടി രൂപ ഡീസലിനും 40 കോടി രൂപ ശമ്പളത്തിനും 25.96 കോടി രൂപ വായ്പ്പാ തിരിച്ചടവിനും 26 കോടി രൂപ പെന്‍ഷനും വേണ്ടി പ്രതിമാസം നീക്കി വയ്‌ക്കേണ്ടിവരുന്നു.
സ്‌പെയര്‍ പാര്‍ട്‌സ്, പെന്‍ഷന്‍ ആനുകൂല്യം, വാഹന നികുതി, എം.എ.സി.ടി ക്ലെയിം എന്നിങ്ങനെയുള്ള ചെലവുകള്‍ വേറെ. ഇതില്‍ വായ്പ്പാ തിരിച്ചടവ് എന്ന ഘടകം മാറ്റിയും നടത്തിപ്പ് കാര്യക്ഷമമാക്കിയും കോര്‍പ്പറേഷനെ ലാഭത്തിലാക്കാന്‍ കഴിയും. 1494.26 കോടി രൂപയാണ് കോര്‍പ്പറേഷന് നിലവിലുള്ള ബാധ്യത. ഇതില്‍ ആയിരം കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കാന്‍ ആസൂത്രണ കമ്മീഷന്‍ ശുപാര്‍ശ ചെയ്യണമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം.
കേന്ദ്രത്തില്‍ നിന്ന് ഈ തുക കിട്ടിയാല്‍, സംസ്ഥാന സര്‍ക്കാരിന് നല്‍കാനുള്ള അഞ്ഞൂറോളം കോടി രൂപ ഓഹരിയാക്കി മാറ്റാന്‍ കഴിയും. 1500 കോടി രൂപയുടെ ബാധ്യത ഒറ്റയടിയ്ക്ക് ഒഴിവാക്കിയാല്‍ പ്രതിമാസം 25 കോടിയിലധികം രൂപ ലാഭിക്കാം. സര്‍വീസുകള്‍ കാര്യക്ഷമമാക്കാന്‍ ഈ തുക വിനിയോഗിക്കാം. ആറായിരം ബസ്സുകളില്‍ ശരാശരി ആയിരം എണ്ണം കട്ടപ്പുറത്താണ്. ഈ ബസ്സുകളും നിരത്തിലിറക്കിയാല്‍ കോര്‍പ്പറേഷന്റെ ലക്ഷ്യമായ 18 ലക്ഷം കി.ലോമീറ്റര്‍ പ്രതിദിനം സര്‍വീസ് നടത്താന്‍ കഴിയും. ഇപ്പോള്‍ 35 മുതല്‍ 40 ലക്ഷം പേര്‍ വരെ കോര്‍പ്പറേഷന്‍ ബസ്സുകളില്‍ പ്രതിദിനം യാത്രചെയ്യുന്നു.
സംസ്ഥാന ജനസംഖ്യയുടെ പത്തുശതമാനം വരുമിത്. അതേസമയം സംസ്ഥാനത്ത് 60 ശതമാനം യാത്രക്കാരും സ്വകാര്യ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയും. വിവിധ വിഭാഗങ്ങള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുവഴി പ്രതിവര്‍ഷം 225.88 കോടി രൂപയുടെ ബാധ്യത കോര്‍പ്പറേഷന് ഉണ്ടാകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഈ തുക സര്‍ക്കാര്‍ തിരിച്ചടയ്ക്കുമെങ്കിലും കേരളത്തില്‍ അത് ഉണ്ടാകാറില്ല.
ഈ തുകയും സര്‍ക്കാരില്‍ നിന്ന് ലഭിച്ചാല്‍ ഡിപ്പോകളുടെ ശോചനീയാവസ്ഥ മാറ്റാന്‍ കഴിയും. ഡിപ്പോകള്‍ നന്നായാല്‍ ബസ്സുകളുടെ ഇന്ധനക്ഷമത, ഇപ്പോഴുള്ള 4.2 കി.മീ. പ്രതി ലിറ്ററില്‍ നിന്ന് 4.75 കി.മീ.പ്രതിലിറ്ററാക്കി ഉയര്‍ത്താന്‍ കഴിയും. ലാഭകരമല്ലാത്ത റൂട്ടുകള്‍ അവസാനിപ്പിച്ചും വരുമാനം കൂട്ടാമെന്നും കെ.എസ്.ആര്‍.ടി.സി. ചൂണ്ടിക്കാട്ടുന്നു.നാല് മാസങ്ങള്‍ക്കുമുമ്പ്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനോട് കോര്‍പ്പറേഷന്‍ 580 കോടി രൂപ വായ്പാ ഗ്യാരണ്ടി അനുവദിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ്, സംസ്ഥാനം സന്ദര്‍ശിക്കുന്ന ആസൂത്രണ കമ്മീഷന്‍ അധികൃതരെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ആലോചന നടത്തിയത്.
മുഖ്യമന്ത്രിയുടെ പച്ചക്കൊടി കിട്ടിയതോടെ, ഗതാഗത മന്ത്രി, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനെ കണ്ട് കോര്‍പ്പറേഷന്റെ ആവശ്യ രേഖ സമര്‍പ്പിക്കുകയായിരുന്നു. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളൊന്നും കമ്മീഷനോട് ഇത്തരമൊരു ആവശ്യമുന്നയിക്കാത്തതിനാല്‍, പണം കിട്ടുമെന്ന പ്രതീക്ഷയിലാണ് കോര്‍പ്പറേഷന്‍.