പ്രതിരോധ അഴിമതി: അന്വേഷണം വിപുലപ്പെടുത്തി
- Last Updated on 18 June 2012
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്(ബി.ഇ.എം.എല്‍.)വഴി പ്രതിരോധസാമഗ്രികള്‍ സംഭരിക്കുന്നതിലുണ്ടായ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം വിപുലപ്പെടുത്തിയേക്കും. ബി.ഇ.എം.എല്‍. ചെയര്‍മാന്‍പദവിയില്‍നിന്ന് കഴിഞ്ഞദിവസം സസ്‌പെന്‍ഡ്‌ചെയ്യപ്പെട്ട വി.ആര്‍.എസ്.
നടരാജനെതിരെ ടട്ര ട്രക്ക് ഇടപാട് ഉള്‍പ്പെടെയുള്ള കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം ഇതിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനാണ് നീക്കമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
പ്രതിരോധ ഇടപാടുകളില്‍നിന്ന് വ്യക്തിഗതനേട്ടമുണ്ടാക്കിയവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നടപടിയെടുക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. സൈനികോപയോഗത്തിനായി 600 ടട്ര ട്രക്കുകള്‍ വാങ്ങുന്നതിന് 14 കോടിരൂപ കോഴവാഗ്ദാനം ലഭിച്ചെന്ന മുന്‍ കരസേനാമേധാവി ജന. വി.കെ.സിങ്ങിന്റെ വെളിപ്പെടുത്തലോടെയാണ് ഇപ്പോഴത്തെ വിവാദം തുടങ്ങിയത്. തുടര്‍ന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്‍റണി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.