നഴ്‌സുമാരുടെ സമരം: 'എസ്മ' പ്രയോഗിക്കില്ല -മന്ത്രി
- Last Updated on 05 February 2012
കൊച്ചി: സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരുടെ സമരത്തിനെതിരെ 'എസ്മ' പ്രയോഗിക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കൃത്രിമ രേഖകള്‍ ഹാജരാക്കിയ ആസ്പത്രികള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്സെടുക്കും. നേഴ്‌സിങ് മേഖലയില്‍ ചൂഷണം നിലനില്ക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ അവശ്യസേവന നിയമം പ്രായോഗികമല്ലെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. ആസ്പത്രികളില്‍ അവശ്യസേവന നിയമം നടപ്പാക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. മിനിമം വേതനം നല്‍കാത്ത സ്ഥാപനങ്ങളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സ്റ്റേ ഉള്ളതിനാല്‍ സ്റ്റേ പിന്‍വലിക്കുന്നതുമായുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും.
നഴ്‌സുമാരുടെ ശമ്പളം ഇനിമുതല്‍ പൂര്‍ണമായും ബാങ്കുകള്‍ വഴി നല്‍കാന്‍ നടപടിയെടുക്കും -മന്ത്രി പറഞ്ഞു. നല്‍കുന്ന ശമ്പളത്തിന്റെ വിശദാംശങ്ങള്‍ എല്ലാ മാസവും ലേബര്‍ ഓഫീസുകളില്‍ അറിയിക്കണം. ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മാണം നടത്തും.
സമരത്തിലേര്‍പ്പെട്ടിരിക്കുന്ന നഴ്‌സുമാരുമായും ആസ്പത്രി മാനേജ്‌മെന്‍റുമായും എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവരി 31 ന് നഴ്‌സുമാര്‍ക്ക് മിനിമം വേതനം നല്‍കാത്ത എല്ലാ ആസ്പത്രികള്‍ക്കെതിരെയും ക്ലീന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ മേഖലയിലെ ചൂഷണം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഹെല്‍പ്‌ലൈന്‍ സംവിധാനം ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. പരാതികളില്‍ ഉടനെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ലേബര്‍ കമ്മീഷണര്‍ ടി.ടി. ആന്‍റണി, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ ടോണി വിന്‍സെന്‍റ്, വി.എല്‍. അനില്‍കുമാര്‍, ജോയിന്‍റ് ലേബര്‍ കമ്മീഷണര്‍ വിന്‍സെന്‍റ് അലക്‌സ്, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ശശിപ്രകാശ്, ലേബര്‍ ഓഫീസര്‍മാരായ എം.കെ. മോഹനന്‍, നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.