24June2012

You are here: Home National മന്‍മോഹന് മെക്‌സിക്കോയില്‍ ഹിന്ദിയില്‍ സ്വാഗതം

മന്‍മോഹന് മെക്‌സിക്കോയില്‍ ഹിന്ദിയില്‍ സ്വാഗതം

ലോസ് കാബോസ് (മെക്‌സിക്കോ): ജി. 20 സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മെക്‌സിക്കോയിലെ ലോസ് കാബോസിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സ്വാഗതം ചെയ്തത് ഹിന്ദിയിലെഴുതിയ വലിയ പ്ലക്കാര്‍ഡുകള്‍. 'ആപ് കാ സ്വാഗത് ഹേ' എന്ന ബോര്‍ഡുകള്‍ കൗതുകമുണര്‍ത്തി. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന

രാഷ്ട്രത്തലവന്മാരില്‍ ഏറ്റവും മുതിര്‍ന്നയാളാണ് മന്‍മോഹന്‍ സിങ്. 

ഉച്ചകോടിക്ക് മുന്നോടിയായി 'ബ്രിക്‌സ്' രാജ്യത്തലവന്മാരുടെ സമ്മേളനം നടക്കും. തുടര്‍ന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ഫെലിപ്പെ കാള്‍ഡറോണുമായി മന്‍മോഹന്‍ സിങ്ങ് ചര്‍ച്ച നടത്തും. തുടര്‍ന്ന് വിവിധ രാഷ്ട്രത്തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള നടപടികള്‍ ചര്‍ച്ചചെയ്യും. 

ആഭ്യന്തര രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന ഉറപ്പാണ് ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. 

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സമ്മര്‍ദത്തിനുവഴങ്ങി പല നിര്‍ണായക പരിഷ്‌കാരങ്ങളും യു.പി.എ. സര്‍ക്കാറിന് മരവിപ്പിക്കേണ്ടിവന്നിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മമതയുടെ നീക്കം പരാജയപ്പെട്ട സാഹചര്യത്തില്‍ അവരെ തഴഞ്ഞ് പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കഴിയും. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുമെന്ന പ്രഖ്യാപനത്തിന് ജി. 20 വേദിയായേക്കും. 

ആഗോളതലത്തിലുള്ള മാന്ദ്യത്തിന്റെയും യൂറോസോണിലുള്ള സാമ്പത്തികപ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് ഇക്കുറി ജി. 20 ഉച്ചകോടി നടക്കുന്നത്. ലോക സാമ്പത്തികരംഗത്ത് വന്‍ സ്വാധീനമുള്ള യൂറോപ്പിലെ പ്രതിസന്ധിയാണ് ഇന്ത്യയെയും ഉത്ക്കണ്ഠയിലാഴ്ത്തുന്നത്. യൂറോപ്പിലെ വിവിധരാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വാണിജ്യനിക്ഷേപമുള്ളതാണ്. തുടരുന്ന പ്രതിസന്ധി ഇന്ത്യയെയായിരിക്കും ഏഷ്യയില്‍ കൂടുതല്‍ ബാധിക്കുക. 

സുസ്ഥിരമായ വികസനം ഉറപ്പുവരുത്തുന്ന നയപരിപാടികള്‍ വേണമെന്ന നിലപാടാണ് ഇന്ത്യക്കുള്ളത്. ശക്തവും സുസ്ഥിരവും സന്തുലിതവുമായ വളര്‍ച്ചയ്ക്കുള്ള കര്‍മസമിതിയുടെ ഉപാധ്യക്ഷപദവി ഇന്ത്യക്കാണ്. ബ്രിക്‌സ് അധ്യക്ഷനെന്ന നിലയിലാണ് ഇന്ത്യ മറ്റ് രാഷ്ട്രങ്ങളുമായി ചര്‍ച്ചനടത്തുന്നത്. 

Newsletter