അതിവേഗപാതയ്ക്ക് തത്ത്വത്തില്‍ അംഗീകാരം
- Last Updated on 10 February 2012
ന്യൂഡല്‍ഹി: തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള നിര്‍ദിഷ്ട അതിവേഗ തീവണ്ടി പ്പാത കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അതിവേഗപാതയ്ക്ക് ആവശ്യമായ ജപ്പാന്‍ ബാങ്ക്
വായ്പ ലഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇത് തത്ത്വത്തില്‍ അംഗീകരിച്ച പ്രധാനമന്ത്രി അടിസ്ഥാന സൗകര്യവികസനം സംബന്ധിച്ച് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയതിന് സംസ്ഥാനത്തെ അഭിനന്ദിച്ചതായും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
പ്രധാനമന്ത്രിയെ കൂടാതെ റെയില്‍ മന്ത്രി ദിനേഷ് ത്രിവേദിയെയും കണ്ട മുഖ്യമന്ത്രി റെയില്‍വേബജറ്റിന് മുന്നോടിയായുള്ള സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശങ്ങളും ആവശ്യങ്ങളും സമര്‍പ്പിച്ചു. കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഒരു മാസത്തിനുള്ളില്‍ നടത്താമെന്ന് ധാരണയായി. ഇതിന്റെ തീയതി റെയില്‍വേ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഐ.ഐ.ടി. സ്ഥാപിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടണമെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. അതിവേഗറെയില്‍പാത പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും നടപ്പാക്കുക. ഇതിനായി അധികം ഭൂമി ഏറ്റെടുക്കേണ്ട ആവശ്യം വരില്ല. ഭൂമി ഏറ്റെടുക്കേണ്ടി വരികയാണെങ്കില്‍ ഭൂ ഉടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യും-മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തില്‍ ഒമ്പത് പുതിയ റെയില്‍വേ പാതകള്‍ക്കായി സര്‍വേനടത്തണമെന്നതടക്കം ഒട്ടേറെ ആവശ്യങ്ങള്‍ ബജറ്റിന് മുന്നോടിയായ നിര്‍ദേശങ്ങളില്‍ കേരളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനം ത്വരപ്പെടുത്തുക, ചേര്‍ത്തല വാഗണ്‍ ഫാക്ടറി സംബന്ധിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുക, മെമുസര്‍വീസുകള്‍ ആരംഭിക്കുക, റെയില്‍വേയുടെ സുരക്ഷ വര്‍ധിപ്പിക്കുക തുടങ്ങി 24 ഇന നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. ഇടപ്പള്ളി-ഗുരുവായൂര്‍, നിലമ്പൂര്‍-നഞ്ചങ്കോട്, തലശ്ശേരി-മൈസൂര്‍, കൊല്ലങ്കോട്-പളനി, കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍, ശബരിമല-ചെങ്ങന്നൂര്‍, അങ്ങാടിപ്പുറം-കോഴിക്കോട്, ശബരിപാതയുടെ പുനലൂര്‍-തിരുവനന്തപുരം ഭാഗം എന്നീ പാതകളുടെ സര്‍വേയാണ് കേരളം ആവശ്യപ്പെട്ടത്.
കേരളത്തിനായി പ്രത്യേക റെയില്‍വേ മേഖല എന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതിനാല്‍ പകരം അനുവദിച്ച പ്രത്യേക റെയില്‍വേ അഡ്മിനിസ്‌ട്രേഷന്‍ കണ്‍ട്രോള്‍ ഓഫീസര്‍ രണ്ട് ദിവസത്തിനകം തിരുവനന്തപുരത്ത് ചുമതലയേല്‍ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ റെയില്‍വേ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കേരളത്തില്‍ ഫലപ്രദമായും വേഗത്തിലും നടപ്പാക്കാനാകും.