മഹാനിധി: മൂല്യനിര്‍ണയം ഫിബ്രവരി 20 ന് തുടങ്ങും
- Last Updated on 09 February 2012
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയുടെ മൂല്യനിര്‍ണയം ഫിബ്രവരി 20 ന് ആരംഭിക്കുമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധസമിതി കോഓര്‍ഡിനേറ്റര്‍ പ്രൊഫ.എം.വേലായുധന് നായര്‍ പറഞ്ഞു. മൂല്യനിര്‍ണയത്തില്‍ വിദഗ്ദ്ധസമിതിയംഗങ്ങളെ കൂടാതെ മൂന്ന് വിദഗ്ധരും പങ്കെടുക്കും.
ഇന്ന് നടക്കുന്ന പരീക്ഷണ മൂല്യനിര്‍ണയത്തിന്റെ വിശദാംശങ്ങള്‍ ഫിബ്രവരി 15-ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ കൃത്യതയും പ്രവര്‍ത്തന രീതീയും തൃപ്തികരമാണോ എന്ന് വിലയിരുത്തുകയാണ് പരീക്ഷണ മൂല്യനിര്‍ണയത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ ഇതിനായി നിലവറകള്‍ തുറന്ന് നിധി ശേഖരം എടുക്കില്ല. സമാനമായ മറ്റ് ആഭരണങ്ങള്‍ ഉപയോഗിച്ചായിരിക്കും പരീക്ഷണം. രണ്ട് ദിവസം ട്രയല്‍ മൂല്യനിര്‍ണയം നടക്കും. കെല്‍ട്രോണ്‍ ഇതിനാവശ്യമായ ഉപകരണങ്ങളില്‍ ഭൂരിഭാഗവും വാങ്ങിക്കഴിഞ്ഞു.
ഉപകരണങ്ങള്‍ ഉപയോഗിക്കാനാവശ്യമായ പരിശീലനം സാങ്കേതിക വിദഗ്ദ്ധര്‍ക്ക് നല്‍കിക്കഴിഞ്ഞു. നിലവറകള്‍ തുറന്ന് മഹാനിധി പുറത്തെടുത്താല്‍ മൂല്യനിര്‍ണയ നടപടികള്‍ക്ക് തടസ്സമുണ്ടാവരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനാലാണ് ട്രയല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ട്രയല്‍ കഴിഞ്ഞ ഉടന്‍ തന്നെ മൂല്യനിര്‍ണയം ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും ദേവപ്രശ്ന വിധി പ്രകാരമുള്ള പരിഹാര കര്‍മങ്ങള്‍ നടക്കുന്നതിനാല്‍ 20-ലേക്ക് മാറ്റുകയായിരുന്നു.