റഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
- Last Updated on 10 May 2012
- Hits: 6
ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയില്‍ പ്രദര്‍ശന പറക്കല്‍ നടത്തുന്നതിനിടെ കാണാതായ റഷ്യന്‍ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്‍ഡോനീഷ്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. 46 യാത്രക്കാര്‍ ഉണ്ടായിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പടിഞ്ഞാറന്‍ ജാവയിലെ
അഗ്നിപര്‍വ്വതത്തിന് സമീപാണ് കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വിമാനം കണ്ടെത്താന്‍ ബുധനാഴ്ച നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇന്‍ഡോനീഷ്യന്‍ സൈനിക ഹെലിക്കോപ്റ്ററുകള്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. അവ സുഖോയ് വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജക്കാര്‍ത്തയില്‍നിന്ന് 80 കിലോമീറ്റര്‍ തെക്കുകിഴക്കായി 2000 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശത്താണ് അവശിഷ്ടങ്ങള്‍.
കിഴക്കന്‍ ജക്കാര്‍ത്തയിലെ ഹാലിം പെര്‍ദാനക്കുസുമ എയര്‍പോര്‍ട്ടില്‍ നിന്ന് ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ടു മണിക്കാണ് വിമാനം പറയുന്നര്‍ന്നത്. 50 മിനിറ്റു കഴിഞ്ഞപ്പോള്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമായി. വ്യവസായികളും മാധ്യമപ്രവര്‍ത്തകരും റഷ്യന്‍ നയതന്ത്രജ്ഞരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്.
'സുഖോയ്' യാത്രാവിമാനത്തിന്റെ പ്രചാരണത്തിനായി മെയ് മൂന്നു മുതല്‍ ഇന്‍ഡൊനീഷ്യയില്‍ ആരംഭിച്ച പ്രദര്‍ശനത്തിന്റെ ഭാഗമായായിരുന്നു പറക്കല്‍. നേരത്തേ ഇത്തരം പ്രദര്‍ശനങ്ങള്‍ കസാഖ്‌സ്താനിലും പാകിസ്താനിലും സംഘടിപ്പിച്ചിരുന്നു. റഷ്യയിലെ പ്രമുഖ വിമാനനിര്‍മാണക്കമ്പനിയായ 'സുഖോയി'യുടെ സൂപ്പര്‍ജെറ്റ് 100 എന്ന യാത്രാവിമാനമാണ് കഴിഞ്ഞ ദിവസം കാണാതായത്.
ഇന്‍ഡോനീഷ്യക്കാര്‍ക്ക് പുറമെ എട്ട് റഷ്യക്കാരും അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യക്കാരായ ഓരോരുത്തരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റഷ്യക്കാരില്‍ നാലുപേര്‍ സുഖോയ് ജീവനക്കാരാണ്. സുഖോയ് നിര്‍മ്മിച്ച സൂപ്പര്‍ജെറ്റ് 100 വിമാനം വ്യോമയാന മേഖലയില്‍ പ്രമുഖസ്ഥാനം നേടുമെന്നാണ് റഷ്യ പ്രതീക്ഷിച്ചിരുന്നത്. ഈ വിമാനം ഉള്‍പ്പെടുന്ന ആദ്യ അപകടമാണിത്.