സ്വാശ്രയ മെഡിക്കല്‍: പത്തുശതമാനം ഫീസ് വര്‍ധന
- Last Updated on 10 May 2012
- Hits: 3
തിരുവനന്തപുരം: സ്വാശ്രയ എം.ബി.ബി.എസിന് പത്തുശതമാനത്തോളം ഫീസ് വര്‍ധനയ്ക്ക് ധാരണ. സര്‍ക്കാരുമായി ഏഴു സ്വാശ്രയ കോളേജ് മാനേജ്‌മെന്‍റുകള്‍ ധാരണയിലാകുകയും ചെയ്തു. 50 ശതമാനം സീറ്റ് സര്‍ക്കാരിനും 50 ശതമാനം സീറ്റ് മാനേജ്‌മെന്‍റിനുമായിരിക്കും. സര്‍ക്കാര്‍ സീറ്റില്‍ 20 ശതമാനം സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം
നില്‍ക്കുന്നവര്‍ക്കായിരിക്കും.
ഈ സീറ്റുകളില്‍ വാര്‍ഷികഫീസ് 25,000 രൂപയാണ്. അഞ്ചുശതമാനം സീറ്റ് എസ്.സി, എസ്.ടിക്കാണ്. ഈ സീറ്റുകളിലെ ഫീസ് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി തീരുമാനിക്കും. ബാക്കി 25 ശതമാനം സീറ്റിലെ ഫീസ് ഒന്നരലക്ഷമാക്കി.
മുന്‍വര്‍ഷമിത് 1.38 ലക്ഷമായിരുന്നു. മുന്‍വര്‍ഷത്തെ മാതൃകയിലാണ് സീറ്റ് ഘടന ഇപ്രാവശ്യവും വിഭജിച്ചത്.
50 ശതമാനം മാനേജ്‌മെന്‍റ് സീറ്റില്‍ 15 ശതമാനം എന്‍.ആര്‍.ഐയ്ക്കാണ്. 35 ശതമാനം മാനേജ്‌മെന്‍റ് സീറ്റില്‍ ഫീസ് 6.5 ലക്ഷമാണ്. മുന്‍വര്‍ഷമിത് 5.95 ലക്ഷമായിരുന്നു. എന്‍.ആര്‍.ഐ സീറ്റിലെ ഫീസ് ഒമ്പത് ലക്ഷത്തില്‍ നിന്ന് ഒമ്പതരലക്ഷത്തിന് നിശ്ചയിച്ചിട്ടുണ്ട്. മാനേജ്‌മെന്‍റ് സീറ്റിലേക്ക് മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവേശനപ്പരീക്ഷ നടത്തും.
കരുണ, കെ.എം.സി.ടി, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള എട്ടു മെഡിക്കല്‍ കോളേജ് മാനേജ്‌മെന്‍റുകളാണ് സര്‍ക്കാരുമായി ധാരണയിലെത്തിയത്. ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ മാതൃകയില്‍ ഏകീകൃത ഫീസ് വേണമെന്നതാണ് ഈ മൂന്നു കോളേജുകളുടെയും ആവശ്യം. ഈ മാനേജ്‌മെന്‍റുകളും ധാരണയിലേക്ക് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.