29June2012

You are here: Home Kerala Thiruvananthapuram ദേവസ്വം ബോര്‍ഡില്‍ കാണിക്കവിപ്ലവം

ദേവസ്വം ബോര്‍ഡില്‍ കാണിക്കവിപ്ലവം

തിരുവനന്തപുരം: പാറശ്ശാല മുതല്‍ കൊല്ലം ജില്ലയിലെ പട്ടാഴി വരെയുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ കാണിക്കകള്‍ തിരുവനന്തപുരത്ത് കൊണ്ടുവരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനമനുസരിച്ച് ഇനി അതതിടത്ത് കാണിക്ക എണ്ണുകയില്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് കാണിക്കവഞ്ചി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ തന്നെയാണ് ഇപ്പോള്‍ പണം എണ്ണുന്നത്.

കാണിക്കവഞ്ചി പൊട്ടിക്കുന്ന ദിവസം ഉപദേശകസമിതിയെ മുന്‍കൂട്ടി രേഖാമൂലം അറിയിക്കണം. 

ഈ വിവരം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. എല്ലാ ജീവനക്കാരെയും മേല്‍ശാന്തിയെയും അറിയിക്കണം. പണം എണ്ണിത്തിട്ടപ്പെടുത്തി മഹസ്സര്‍ തയ്യാറാക്കുമ്പോള്‍ മേല്‍ശാന്തി ആദ്യ ഒപ്പിടണം. അതിന്റെ പകര്‍പ്പ് ഹൈക്കോടതിക്ക് സമര്‍പ്പിക്കണം. 

മാര്‍ച്ച് 28 ന് ചേര്‍ന്ന ബോര്‍ഡ് യോഗം ഈ രീതിയില്‍ മാറ്റം വരുത്തി. ഭക്തജനങ്ങള്‍ നിക്ഷേപിക്കുന്ന കാണിക്ക കേന്ദ്രീകൃത എണ്ണല്‍ സമ്പ്രദായമനുസരിച്ച് തിട്ടപ്പെടുത്താനാണ് പുതിയ തീരുമാനം. പാറശ്ശാല മുതല്‍ പട്ടാഴി വരെയുള്ള തിരുവനന്തപുരം മേഖലയിലാണ് ഈ രീതി ആദ്യം നടപ്പാക്കുക. കാണിക്ക എണ്ണല്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

ഇതനുസരിച്ച് കാണിക്കവഞ്ചി പൊട്ടിച്ച് ചാക്കില്‍കെട്ടി, വാഹനങ്ങളില്‍ കയറ്റി കേന്ദ്രീകൃത എണ്ണല്‍ കേന്ദ്രത്തില്‍ കൊണ്ടുവരണം. തിരുവനന്തപുരത്തെ ശ്രീകണേ്ഠശ്വരം ക്ഷേത്രത്തിലാണ് എണ്ണല്‍ കേന്ദ്രം. 2009 ജൂലായ് 30 ന് അന്നത്തെ ദേവസ്വം കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ മൂന്നാമത്തെ പ്രധാന തീരുമാനമാണിത്. അതിന് ബോര്‍ഡിന്റെ അംഗീകാരം കിട്ടിയപ്പോള്‍ രണ്ടരവര്‍ഷം വൈകിയെന്നുമാത്രം.

ഓരോ ക്ഷേത്രത്തിലും എത്ര നടവരുമാനമുണ്ടെന്ന് അറിയാനുള്ള ഭക്തജനങ്ങളുടെ അവകാശം ഇതോടെ നഷ്ടമാകുമെന്ന ആശങ്കയാണ് ഉപദേശക സമിതികള്‍ക്കുള്ളത്. മാത്രമല്ല പണവും മറ്റ് ഉരുപ്പടികളും ചാക്കില്‍ കെട്ടി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് എത്രമാത്രം സുരക്ഷിതമാണെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

Newsletter