09July2012

You are here: Home Kerala Ernakulam നഴ്‌സുമാരുടെ കുളിമുറിയില്‍ ഒളിക്യാമറ: പ്രതി ഒളിവില്‍

നഴ്‌സുമാരുടെ കുളിമുറിയില്‍ ഒളിക്യാമറ: പ്രതി ഒളിവില്‍

കോതമംഗലം: കോതമംഗലത്തെ സ്വകാര്യ ആസ്പത്രിയിലെ നഴ്‌സുമാരുടെ ബാത്ത്‌റൂമില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം. സംഭവത്തോട് ബന്ധപ്പെട്ട് വാരപ്പെട്ടി പുന്നേക്കോട്ടയില്‍ ജിന്‍സ് ജോര്‍ജിനെ (26)തിരെ പോലീസ് കേസ് എടുത്തു. ഇയാള്‍ ആസ്പത്രിയിലെ ടെക്‌നിക്കല്‍ മാനേജരായിരുന്നു. സംഭവത്തെ തുടര്‍ന്ന് മാനേജ്‌മെന്‍റ് ജിന്‍സിനെ

ജോലിയില്‍നിന്നും പുറത്താക്കി.

കഴിഞ്ഞ ആറാം തീയതിയാണ് കേസ്സിനാസ്പദമായ സംഭവം. ആസ്പത്രിയിലെ ഏറ്റവും താഴത്തെ നിലയില്‍ ഡ്യൂട്ടി നഴ്‌സുമാര്‍ക്കു മാത്രമുള്ള ബാത്ത് റൂമിലായിരുന്നു ക്യാമറ. ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വസ്ത്രം മാറ്റാന്‍ ബാത്ത്‌റൂമിലെത്തിയ സ്റ്റാഫ് നഴ്‌സ് വയറിങ് ചാനലിനിടയില്‍ ഒരു കീചെയിന്‍ തൂങ്ങി കിടക്കുന്നതു കണ്ടു. സംശയം തോന്നി സഹപ്രവര്‍ത്തകരെ കൂട്ടി കീചെയിന്‍ എടുത്തു പരിശോധിച്ചപ്പോഴാണ് ഒളിക്യാമറയാണെന്ന് മനസ്സിലായത്. ഉടന്‍ മാനേജ്‌മെന്‍റ് അധികൃതരെ ഏല്‍പ്പിച്ച് പരാതിയും നല്‍കി. തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ക്യാമറ സ്ഥാപിച്ച ആളെ പിടികൂടി ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

ആസ്പത്രി അധികൃതര്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കി. ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ക്യാമറ പോലീസ് സയന്‍റിഫിക്ക് ടീമിന് കൈമാറിയതായി കേസ് അന്വേഷിക്കുന്ന എസ്.ഐ ടി.ഡി. സുനില്‍കുമാര്‍ അറിയിച്ചു. ആസ്പത്രിയിലെ ഒളിക്യാമറ വിവാദമായതോടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി റഷീദ സലിം, കേരള മഹിള സംഘം സംസ്ഥാന സെക്രട്ടറി കമലാ സദാനന്ദന്‍, രമാ ശിവശങ്കര്‍, അഡ്വ. ടി.ബി. മിനി എന്നിവര്‍ പ്രതിഷേധിച്ചു.

Newsletter