ഗണേഷിനെ പിന്‍വലിക്കണമെന്ന കത്ത് മുഖ്യമന്ത്രി വാങ്ങിയില്ല
- Last Updated on 03 May 2012
തിരുവനന്തപുരം: മന്ത്രി കെ. ബി. ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍. ബാലകൃഷ്ണ പിള്ള കൊടുത്തുവിട്ട കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാങ്ങിയില്ല. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
പാര്‍ട്ടിക്ക് വഴങ്ങാത്ത മന്ത്രി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പിള്ളയുടെ കത്ത്. കേരള കോണ്‍ഗ്രസ് (ബി) ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരുടെ കൈവശമാണ് പിള്ള കത്ത് നല്‍കി വിട്ടത്. രാവിലെ യു. ഡി. എഫ് കണ്‍വീനര്‍ പി. പി. തങ്കച്ചനെ വേണുഗോപാലന്‍ നായര്‍ കണ്ട് പാര്‍ട്ടിയുടെ നിലപാട് അറിയിച്ചു. അദ്ദേഹത്തെയും കത്തേല്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും തങ്കച്ചന്‍ അത് വാങ്ങിയില്ല.
തുടര്‍ന്ന് കെ. പി. സി. സി. പ്രസിഡന്‍റിനെ വേണുഗോപാലന്‍ നായര്‍ കണ്ട് വിവരം ധരിപ്പിച്ചു. മുഖ്യമന്ത്രിയെയും കണ്ടെങ്കിലും അദ്ദേഹം കത്ത് വാങ്ങിയില്ല. വൈകീട്ട് കാണാമെന്ന് പറഞ്ഞു. തുടര്‍ന്ന് ബാലകൃഷ്ണ പിള്ളയുടെ പ്രതിനിധിയായ വേണുഗോപാലന്‍ നായരുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. ഗണേഷ്‌കുമാറുമായും പ്രത്യേകം ചര്‍ച്ച നടത്താനും തീരുമാനമായി.
കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ പിള്ളയുമായും ഗണേഷ്‌കുമാറുമായും ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുവ്യവസ്ഥയ്ക്ക് രൂപം നല്‍കിയിരുന്നു. ഈ വ്യവസ്ഥകള്‍ ഗണേഷ്‌കുമാര്‍ പാലിക്കുന്നില്ലെന്ന് കാണിച്ചാണ് പിള്ള രംഗത്തുവന്നത്.