10May2012

You are here: Home Kerala Thiruvananthapuram മൂന്ന് ഡിജിപിമാര്‍ ഒരേ ദിവസം വിരമിച്ചു

മൂന്ന് ഡിജിപിമാര്‍ ഒരേ ദിവസം വിരമിച്ചു

തിരുവനന്തപുരം• കേരള കേഡറിലെ മൂന്നു ഡിജിപിമാര്‍ ഒരേ ദിവസം സര്‍വീസില്‍ നിന്നു വിരമിച്ചു. രാജന്‍ കെ. മധക്കേര്‍, ആര്‍.എന്‍. രവി, എസ്. പുലികേശി എന്നിവരാണ് ഇന്നലെ വിരമിച്ചത്. ഡിജിപി തസ്തികയിലുള്ള മൂന്നുപേര്‍ കേരള കേഡറില്‍ ഒരേ ദിവസം വിരമിക്കുന്നത് ഇതാദ്യമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1975 ബാച്ചിലെ രാജന്‍ മധക്കേര്‍ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ്

ഡയറക്ടര്‍ ജനറലായും 1976 ബാച്ചിലെ ആര്‍.എന്‍. രവി ഇന്‍റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടറായുമാണു വിരമിച്ചത്. 1977 ബാച്ചിലെ എസ്. പുലികേശി കേരളത്തിലെ ഫയര്‍ഫോഴ്സ് കമന്‍ഡാന്‍റ് ജനറലായും വിരമിച്ചു. മൂന്നു പേര്‍ക്കും സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞ ദിവസം തലസ്ഥാനത്തു യാത്രയയപ്പു നല്‍കിയിരുന്നു. പുലികേശി വിരമിച്ചതോടെ സംസ്ഥാനത്തെ ആറാം ഡിജിപി തസ്തിക വിവാദവും അവസാനിച്ചു. വിജിലന്‍സ് ഡയറക്ടറായ വേണുഗോപാല്‍ കെ. നായര്‍ ഡിജിപി തസ്തികയില്‍ തുടരും.  ഇദ്ദേഹത്തിനു പുറമെ ജേക്കബ് പുന്നൂസ്, കെ.ജി. പ്രേംശങ്കര്‍, കെ.എസ്. ജങ്പാംഗി, കെ.എന്‍. ബാലസുബ്രഹ്മണ്യന്‍ എന്നിവരാണ് ഇപ്പോള്‍ കേരളത്തില്‍ ഡിജിപി റാങ്കിലുള്ളവര്‍. നേരത്തെ ബാലസുബ്രഹ്മണ്യന്‍ മടങ്ങിയെത്തിയപ്പോള്‍ ഡിജിപിമാരുടെ എണ്ണം ആറായി. അതിനാല്‍ വേണുഗോപാല്‍ കെ. നായരെ എഡിജിപിയായി തരംതാഴ്ത്തണമെന്നു ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഇനി ആ വിഷയം ഉദിക്കുന്നില്ല. ഗതാഗത കമ്മിഷണറായി കഴിഞ്ഞയാഴ്ച നിയമിച്ച ബാലസുബ്രഹ്മണ്യന്‍ നാളെ മുതല്‍ ഫയര്‍ ഫോഴ്സ് കമന്‍ഡാന്‍റ് ജനറലായി പ്രവര്‍ത്തിക്കും. എഡിജിപി: എ. ഹേമചന്ദ്രന്‍ വിദേശ പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന മുറയ്ക്ക് അദ്ദേഹത്തെ ഗതാഗത കമ്മിഷണറായി നിയമിക്കാനാണ്  ആലോചന. 

Newsletter