09July2012

You are here: Home Kerala Ernakulam ബോട്ടുടമ ഫ്രെഡി സൈറണ്‍ കേട്ടു; ഫ്ലാഷ് ലൈറ്റ് കണ്ടു

ബോട്ടുടമ ഫ്രെഡി സൈറണ്‍ കേട്ടു; ഫ്ലാഷ് ലൈറ്റ് കണ്ടു

കൊച്ചി: വെടിവെപ്പിന്റെ ശബ്ദംകേട്ട് ഗാഢനിദ്രയില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ ഹോണ്‍ അടിക്കുന്ന ശബ്ദവും സൈറണും ബോട്ടുടമ ഫ്രെഡി കേട്ടു. കപ്പലില്‍ നിന്നുള്ള ഫ്‌ളാഷ് ലൈറ്റും കണ്ടുവെന്നും നഷ്ടപരിഹാരം സംബന്ധിച്ച് ഇറ്റാലിയന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറില്‍ പറയുന്നു. ഫ്രെഡിയുടെ ബോട്ടിലെ മത്സ്യത്തൊഴിലാളികളായ ജെലസ്റ്റിനും അജീഷ് പിങ്കും ഈ സംഭവത്തിലാണ്

കൊല്ലപ്പെട്ടത്.

വെടിയൊച്ച കേട്ട് ഉണര്‍ന്നു നോക്കിയപ്പോള്‍ ബോട്ട് അതിവേഗം കപ്പലിനു നേരെ പോകുകയായിരുന്നുവെന്നാണ് കരാറില്‍ പറയുന്നത്. ഉടന്‍ ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത് വഴിതിരിച്ചു വിട്ടു. ഇല്ലെങ്കില്‍ ബോട്ട് കപ്പലുമായി കൂട്ടിയിടിക്കുമായിരുന്നു. അപ്പോള്‍ ബോട്ട് പുറങ്കടലിലായിരുന്നു. പിന്നീടാണ് ബോട്ട് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കൊണ്ടുവന്നത്.

വെടിയുടെ ശബ്ദം കേട്ട് എണീറ്റ് വന്നപ്പോള്‍ ഡ്രൈവിങ് സീറ്റിലിരുന്ന ജെലസ്റ്റിന്‍ ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ലെന്ന് കണ്ടു. രാത്രി മുഴുവന്‍ മീന്‍പിടിത്തത്തിലേര്‍പ്പെട്ട കാരണം ജെലസ്റ്റിന്‍ ഉറങ്ങിയതായിരിക്കാം എന്ന് കരുതി. ജെലസ്റ്റിന് ബോട്ടോടിക്കാന്‍ ലൈസന്‍സില്ല എന്ന കാര്യം ഞെട്ടിച്ചു. ജെലസ്റ്റിന്‍ ബോട്ടിന്റെ മാസ്റ്റ് ഹെഡ് ലൈറ്റിട്ടിട്ടുണ്ടായിരുന്നില്ല. ഇതിനിടെ ജെലസ്റ്റിനും അജീഷ് പിങ്കിനും പരിക്കേറ്റതായി കണ്ടു.

72.6 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ നഷ്ടപരിഹാര ഹര്‍ജി നല്‍കിയത്. മനുഷ്യത്വപരമായ കാരണങ്ങളാല്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ 17 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച എല്ലാ പരാതികളും അവകാശവാദങ്ങളും ഫ്രെഡി നിരുപാധികം പിന്‍വലിക്കുകയാണെന്നാണ് കരാറില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിലുള്‍പ്പെട്ടവരെ കുറ്റവിമുക്തരാക്കാനും ആരോപണങ്ങളില്‍ നിന്നും ബാധ്യതയില്‍ നിന്നും ഒഴിവാക്കാനുമുള്ള സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്നും വ്യക്തമാക്കുന്നുണ്ട്.

ഇറ്റാലിയന്‍ സര്‍ക്കാരിനു വേണ്ടി കോണ്‍സല്‍ ജനറല്‍ ജിയാംപാലോ കുട്ടിലോ നഷ്ടപരിഹാര ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നാണ് അദാലത്തിലൂടെ ഒത്തുതീര്‍പ്പ് സാധ്യമാക്കിയത്. ഇതില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ കക്ഷി ചേര്‍ന്നുവെന്നതുകൊണ്ട്, സംഭവം നടന്നത് ഇന്ത്യയുടെ അധികാരപരിധിയിലാണെന്ന് വരുന്നില്ലെന്നും കരാറില്‍ പറയുന്നുണ്ട്.

Newsletter