30May2012

'പ്രഭുദയ' ക്യാപ്ടന്റെ സത്കാരം: ഡിവൈ.എസ്.പി. ഉള്‍പ്പെടെ 11 പേര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: അഞ്ച് മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ 'പ്രഭുദയ' കപ്പലപകടത്തില്‍ പ്രതിയായ കപ്പല്‍ ക്യാപ്ടന്റെ വിരുന്നുസത്കാരത്തില്‍ പങ്കെടുത്ത ഡിവൈ.എസ്.പി. ഉള്‍പ്പെടെ 11 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ആഭ്യന്തരവകുപ്പാണ് ഉത്തരവിറക്കിയത്. ആലപ്പുഴ ഡിവൈ.എസ്.പി. കെ. മഹേഷ്‌കുമാര്‍,

ഡിവൈ.എസ്.പി. ഓഫീസിലെ എസ്.ഐ. മോഹനന്‍, റൈറ്റര്‍ ചന്ദ്രന്‍, ഡ്രൈവര്‍ സന്തോഷ്, പോലീസുകാരായ സന്ദീപ്, ജോര്‍ജ്, അജീഷ്, സുധീഷ്, സുരേഷ്, സനൂജ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രഭുദയ കപ്പലിന്റെ ക്യാപ്ടനായ ഗോള്‍ഡന്‍ ചാള്‍സ് പെരേര ഈസ്റ്റര്‍ദിനത്തില്‍ ഡിവൈ.എസ്.പി. ഓഫീസില്‍ നടത്തിയ സത്കാരമാണ് നടപടിക്കിടയാക്കിയത്. 

സംഭവം മാധ്യമങ്ങളിലൂടെ വിവാദമായപ്പോള്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി. തുടര്‍ന്ന് റൈറ്റര്‍ ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. ആറ് പോലീസുകാരെ സ്ഥലം മാറ്റി. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരെ സംഭവത്തില്‍ രക്ഷിക്കാന്‍ നീക്കംനടക്കുന്നതായ ആരോപണങ്ങളെത്തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷനെന്ന് അറിയുന്നു.

Newsletter