യെദ്യൂരപ്പയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സി.ബി.ഐ.
- Last Updated on 26 May 2012
ബാംഗ്ലൂര്‍: അനധികൃത ഖനനക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മക്കളായ ബി.വൈ രാഘവേന്ദ്ര, ബി.വൈ. വിജയേന്ദ്ര, മരുമകന്‍ സോഹന്‍ കുമാര്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സി.ബി.ഐ. എതിര്‍ത്തു. മുന്‍കൂര്‍ ജാമ്യമനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് സി.ബി.ഐ. ബോധിപ്പിച്ചു.
സുപ്രീംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മെയ്15-ന് സി.ബി.ഐ. കേസെടുത്തതിനെത്തുടര്‍ന്നാണ് യെദ്യൂരപ്പ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണം നടക്കുന്നതിനിടയില്‍ മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടവരുത്തുമെന്നും ഇതന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും സി.ബി.ഐ. കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് യെദ്യൂരപ്പയുടെ അഭിഭാഷകനോട് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജഡ്ജി വെങ്കിട്ട് സുദര്‍ശന്‍ ഉത്തരവിട്ടു. ഹര്‍ജിയിലെ തുടര്‍വാദം 29-ലേക്ക് മാറ്റി.
ഇരുമ്പയിര് ഖനനനത്തിന് വിവിധ കമ്പനികള്‍ക്ക് വഴിവിട്ട് സഹായം നല്‍കുകവഴി യെദ്യൂരപ്പാ കുടുംബം നേട്ടമുണ്ടാക്കിയെന്ന പരാതിയിലാണ് സി.ബി.ഐ. കേസെടുത്തത്. തുടര്‍ന്ന് യെദ്യൂരപ്പയുടെയും മക്കളുടെയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. അറസ്റ്റുഭീതിയെത്തുടര്‍ന്നാണ് യെദ്യൂരപ്പയും മക്കളും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഇതിനെ എതിര്‍ത്തുകൊണ്ട് നല്‍കിയ ഹര്‍ജിയില്‍ അടുത്ത വാദത്തില്‍ യെദ്യൂരപ്പയടക്കം കേസില്‍ ഉള്‍പ്പെട്ട എല്ലാവരും നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിടണമെന്നും സി.ബി.ഐ. കോടതിയില്‍ ആവശ്യപ്പെട്ടു. സി.ബി.ഐ. ബാംഗ്ലൂര്‍ യൂണിറ്റ് ഡി.ഐ.ജി. ഹിതേന്ദ്ര, എസ്.പി. ലക്ഷ്മി നാരായണ എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ പുനര്‍വിജ്ഞാപനം ചെയ്ത റെച്ചനഹള്ളിയിലെ 1.2 ഏക്കര്‍ സ്ഥലം യെദ്യൂരപ്പയുടെ മക്കളും മരുമകനും 40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയെന്നും പിന്നീട് സൗത്ത് വെസ്റ്റ് മൈനിങ് കമ്പനിക്ക് 20 കോടിക്ക് മറിച്ചുവിറ്റെന്നുമാണ് പരാതി.
ഇതുകൂടാതെ, ഖനന കമ്പനികളില്‍ നിന്ന് യെദ്യൂരപ്പയുടെ മക്കളുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള പ്രേരണ എഡുക്കേഷന്‍ ട്രസ്റ്റിന് പത്ത് കോടി രൂപയും രണ്ടരക്കോടി രൂപ ഭഗത് ഹോംസ് പ്രൈവറ്റ് ലിമിറ്റഡിനും മൂന്നരക്കോടി രൂപ ധാവളഗിരി പ്രോപ്പര്‍ട്ടീസ് ഡവലപ്പേഴ്‌സിനും ലഭിച്ചതായി കണ്ടെത്തിയിരുന്നു. ഖനനത്തിന് അനുവാദം നല്‍കിയതിനുള്ള പ്രത്യുപകാരമായാണ് പണം ലഭിച്ചതെന്നാണ് ഉന്നതാധികാരസമിതി കണ്ടെത്തിയത്. ഈ പരാതിയിലാണ് സി.ബി.ഐ. അന്വേഷണം നടക്കുന്നത്.
അനധികൃത ഖനനത്തിന് വിവിധ കമ്പനികള്‍ക്ക് വഴിവിട്ട് സഹായം ചെയെ്തന്ന പരാതിയില്‍ മെയ് 11-ന് സുപ്രീംകോടതി യെദ്യൂരപ്പയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആഗസ്ത് മൂന്നിന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവിട്ടത്. ഖനന കമ്പനകളില്‍ നിന്ന് കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ ഉന്നതാധികാരസമിതി നേരത്തേ സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാനത്ത് ഖനനത്തിന് ജിന്‍ഡാല്‍ സ്റ്റീല്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള സൗത്ത്‌വെസ്റ്റ് മൈനിങ് കമ്പനിക്ക് ഭൂമി നല്‍കിയതില്‍ ക്രമക്കേട് നടന്നതായി ഉന്നതാധികാരസമിതി കണ്ടെത്തിയിരുന്നു.