30May2012

റൂറല്‍ എസ്.പി ഓഫീസിലേക്ക് സി.പി.എം മാര്‍ച്ച്

കോഴിക്കോട്: ടി.പി വധക്കേസില്‍ കസ്റ്റഡിയിലെടുത്ത സി.പി.എം പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് വടകര റൂറല്‍ എസ്.പി ഓഫീസിലേക്ക് സി.പി.എം മാര്‍ച്ച് നടത്തി. പ്രതിഷേധസൂചകമായ മാര്‍ച്ച് രാവിലെ പത്തേകാലിനാണ് ആരംഭിച്ചത്. 

അക്രമസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍പോലീസ് സന്നാഹം അണിനിരന്നിട്ടുണ്ട്. മാര്‍ച്ചില്‍ സി.പി.എമ്മിന്റെ കോഴിക്കോട്ട് നിന്നുള്ള എല്ലാ പ്രമുഖ നേതാക്കളും പങ്കെടുത്തു. 

രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്യലിന്റെ ഭാഗമായി പ്രതിചേര്‍ത്തിരിക്കുന്നവര്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിക്കുകയാണെന്ന് സി.പി.എം നേതാവ് എളമരം കരീം വെള്ളിയാഴ്ച ആരോപിച്ചിരുന്നു. കോഴിക്കോട് വാര്‍ത്താ സമ്മേളത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. 

സി.എച്ച്.അശോകനേയും കൃഷ്ണനേയും ശാരീരികവും മാനസികവുമായി സമ്മര്‍ദത്തിലാക്കി മൊഴിയെടുക്കുകയാണ്. കസ്റ്റഡിയിലുള്ളവരെ ദിവസങ്ങളോളം ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. ഭക്ഷണം പോലും അവര്‍ക്ക് നല്‍കുന്നില്ല. അടിയന്തരാവസ്ഥക്കാലത്തെ കക്കയം ക്യാമ്പിനെ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങളാണ് രഹസ്യകേന്ദ്രത്തില്‍ നടക്കുന്നത്. 

തീര്‍ത്തും മനുഷ്യത്വരഹിതമായ പീഢനങ്ങളാണ് നടക്കുന്നത്. സി.എച്ച്. അശോകന്റെ മോഴിയായി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. പാര്‍ട്ടിയെ കരിവാരിത്തേക്കാനാണ് സി.എച്ച് അശോകനെ പ്രതി ചേര്‍ത്തിരിക്കുന്നത്. അസുഖബാധിതനാണ് അശോകന്‍. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാകുമോ എന്ന ആശങ്കയുണ്ടെന്നും കരീം. കസ്റ്റഡിയിലുള്ളവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Newsletter