30May2012

15 കേന്ദ്രമന്ത്രിമാര്‍ അഴിമതിക്കാരെന്ന് അണ്ണാ ഹസാരെ സംഘം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തര മന്ത്രി പി ചിദംബരം എന്നിവരുള്‍പ്പടെ കേന്ദ്രമന്ത്രിസഭയിലെ 15 പേര്‍ അഴിമതിക്കാരാണെന്ന് അണ്ണാ ഹസാരെ സംഘം. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അണ്ണാ സംഘത്തില്‍ പെട്ട പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഈ

ആരോപണം ഉന്നയിച്ചത്. സി.എ.ജി റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ആരോപണം. അഴിമതി തെളിയിക്കുന്ന രേഖകള്‍ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 പേര്‍ക്കെതിരായ ആരോപണങ്ങളിലും സ്വതന്ത്രമായ അന്വേഷണം വേണം.

കുറഞ്ഞ വിലയ്ക്ക് കല്‍ക്കരി പാടങ്ങള്‍ കൈമാറിയതിലെ വന്‍ അഴിമതിയാണ് പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്ത 2006-2009 കാലത്താണ് ഈ അഴിമതി നടന്നതെന്ന് സി.എ.ജി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സ്‌കോര്‍പീന്‍ അന്തര്‍വാഹിനി ഇടപാടില്‍ പ്രണബ് മുഖര്‍ജിക്ക് നാല് ശതമാനം കിട്ടിയെന്ന് സംഘം ആരോപിക്കുന്നു. പ്രണബ് പ്രതിരോധ മന്ത്രിയായിരിക്കെയാണ് ഈ ഇടപാട് നടന്നത്. 

2 ജി സ്‌പെക്ട്രം ഇടപാടില്‍ അന്ന് ധനകാര്യമന്ത്രിയായിരുന്ന ചിദംബരത്തിന് വ്യക്തമായ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2001 ലെ വിലക്ക് സ്‌പെക്ട്രം വിതരണം ചെയ്യണമെന്ന് ധനകാര്യവകുപ്പ് നിര്‍ദേശം നല്‍കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇവര്‍ക്ക് പുറമേ കൃഷി മന്ത്രി ശരദ് പവാര്‍, വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ, നഗരവികസന മന്ത്രി കമല്‍നാഥ്, വന്‍കിട വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന പ്രഫുല്‍ പട്ടേല്‍, ശാസ്ത്ര സാങ്കേതിക മന്ത്രി വിലാസ് റാവു ദേശ്മുഖ്, ഐ.ടി മന്ത്രി കപില്‍ സിബല്‍, നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, ഷിപ്പിങ് മന്ത്രി ജി.കെ.വാസന്‍, രാസവളം വകുപ്പിന്റെ ചുമതലയുള്ള എം.കെ അഴഗിരി, ഊര്‍ജ്ജ മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, വീരഭദ്ര സിങ്, ഫറൂഖ് അബ്ദുള്ള എന്നിവരെയാണ് അഴിമതിക്കാരായി അണ്ണാ സംഘം ചിത്രീകരിച്ചിരിക്കുന്നത്.

Newsletter