ടി.പി. വധം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവും അറസ്റ്റില്‍
- Last Updated on 26 May 2012
- Hits: 2
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ വധിക്കാനുള്ള ആദ്യ ശ്രമത്തിന് ചുക്കാന്‍ പിടിച്ച തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് പേരെക്കൂടി അന്വേഷണ സംഘം വെള്ളിയാഴ്ച അറസ്റ്റുചെയ്തു. മാഹി ചൂടിക്കോട്ട പുത്തലത്ത് പൊയില്‍ പി.പി.രാമകൃഷ്ണന്‍, മൂഴിക്കര മാറോളി കാട്ടില്‍പറമ്പത്ത് അഭിനേഷ് എന്ന അഭി (28) എന്നിവരാണ് അറസ്റ്റിലായത്.
ഒഞ്ചിയം ഓഫീസില്‍ വെച്ച് ഗൂഢാലോചന നടക്കുന്നതിന് മുമ്പ് രാമകൃഷ്ണന്റെ വീട്ടില്‍ ചര്‍ച്ച നടന്നിരുന്നു. രണ്ടുവര്‍ഷം മുമ്പ് നടന്ന ഈ കൂടിക്കാഴ്ചയില്‍ വ്യാഴാഴ്ച അറസ്റ്റിലായ ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച്. അശോകന്‍, കെ.സി. രാമചന്ദ്രന്‍, കെ.കെ. കൃഷ്ണന്‍, കിര്‍മാണി മനോജ് എന്നിവര്‍ പങ്കെടുത്തിരുന്നു. ആദ്യ വധശ്രമത്തിന് നേതൃത്വം നല്‍കിയ കിര്‍മാണി മനോജിനെ അശോകനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് രാമകൃഷ്ണനാണ്. പലതവണ ഇദ്ദേഹം ഒഞ്ചിയത്ത് എത്തുകയും ചെയ്തിരുന്നു.
കൊടിസുനി ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതും ഗൂഢാലോചനയില്‍ പങ്കെടുത്തതുമാണ് അഭിക്കെതിരെയുള്ള കുറ്റം. ആദ്യ വധശ്രമം നടത്തിയ സംഘത്തില്‍ അംഗമായിരുന്നെങ്കിലും കൊടിസുനിയുടെ സംഘത്തില്‍ പിന്നീട് ഉള്‍പ്പെടാതെ പോവുകയായിരുന്നു.
പ്രതികള്‍ക്ക് മൂഴിക്കരയില്‍ ഒളിച്ച് താമസിക്കാന്‍ സൗകര്യമൊരുക്കിയത് ജാമ്യം ലഭിക്കുന്ന കുറ്റമാണ്. രണ്ടുവര്‍ഷം മുമ്പ് നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തതുകൊണ്ടാണ് ഇപ്പോള്‍ ജാമ്യം ലഭിക്കാതെ പോയത്. പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കി എന്ന വിവരം ലഭിച്ചതുകൊണ്ട് അഭിയെ നാലുദിവസം മുമ്പുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തേ പിടിയിലായ കെ.സി. രാമചന്ദ്രന്റെ മൊഴിപ്രകാരം വെള്ളിയാഴ്ച രാവിലെയാണ് രാമകൃഷ്ണനെ കസ്റ്റഡിയിലെടുത്തത്.
ഒഞ്ചിയം പാര്‍ട്ടി ഓഫീസില്‍ നടന്ന ഗൂഢാലോചനയുടെ കേസ് വെള്ളിയാഴ്ച ചോമ്പാല പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പ്രതികളെ വടകര താലൂക്ക് ആസ്പത്രിയില്‍ ഹാജരാക്കിയ ശേഷം വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സി.പി.എം. പ്രവര്‍ത്തകനായ പന്തക്കല്‍ പെരിയാടത്ത് കുജൂര്‍ എന്ന അജേഷിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുവര്‍ഷം മുമ്പ് പന്തക്കലില്‍ ബി.ജെ.പി. പ്രവര്‍ത്തകനായ ബാബു കൊല്ലപ്പെട്ട കേസില്‍ പ്രതിയാണ് അജേഷ്. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
വെള്ളിയാഴ്ച രണ്ടുപേര്‍ കൂടി പിടിയിലായതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി. കണ്ണൂരിലെ ജില്ലാ സെക്രട്ടേറിയറ്റംഗം ഉള്‍പ്പെടെ ചില നേതാക്കള്‍ക്ക് കൂടി പങ്കുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. തലശ്ശേരി, പാനൂര്‍ മേഖലകളാണ് തുടക്കം മുതലുള്ള ഗൂഢാലോചനകള്‍ക്ക് വേദിയായത്. കൊല നടത്താനുള്ള ടീമിനെ നിശ്ചയിച്ചതും ഈ ഭാഗത്തുള്ള നേതാക്കളാണ്.