രാംദേവിന് മാനസികപ്രശ്നമെന്ന് ലാലു
- Last Updated on 03 May 2012
ന്യൂഡല്‍ഹി: അണ്ണ ഹസാരെസംഘത്തിനുപിന്നാലെ യോഗഗുരു ബാബാ രാംദേവും എം.പി.മാര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തെത്തി. കൊള്ളക്കാരും കൊലയാളികളുമാണ് എം.പി.മാരെന്നാണ് രാംദേവിന്റെ വിമര്‍ശം. സ്പീക്കര്‍ മീരാകുമാറും ലാലുപ്രസാദ് യാദവുമടക്കം ഒട്ടേറെ നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തി. ചൊവ്വാഴ്ച ഛത്തീസ്ഗഢിലെ ദര്‍ഗില്‍
ഒരുമാസത്തെ യാത്രയ്ക്ക് തുടക്കംകുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് രാംദേവ് എം.പി.മാരെ വിമര്‍ശിച്ചത്. കര്‍ഷകരും തൊഴിലാളികളുമടക്കമുള്ള ജനങ്ങളോട് സ്നേഹവും കരുതലും ഇല്ലാത്തവരാണവര്‍. പണത്തിന്റെ അടിമകളും കൂട്ടുകാരുമാണവര്‍. മനുഷ്യരൂപത്തിലുള്ള ചെകുത്താന്മാര്. ഇവരെ നീക്കംചെയ്ത് പാര്‍ലമെന്റിനെ രക്ഷിക്കണം -അദ്ദേഹം പറഞ്ഞു.
രാംദേവിന് മാനസികപ്രശ്നമാണെന്ന് ആര്.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവ് കുറ്റപ്പെടുത്തി. നിരാശനായ ഒരാളുടെ ജല്പ്പന്നങ്ങളാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടന പാര്‍ലമെന്റിന് നല്കിയ പ്രാധാന്യത്തെ സംരക്ഷിക്കണമെന്ന് സ്പീക്കര്‍ മീരാകുമാര്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അധിക്ഷേപമാണ് പരാമര്‍ശമെന്ന് ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. ബി.ജെ.പി. എം.പി. കീര്‍ത്തി ആസാദും കേന്ദ്രമന്ത്രി ഹരീഷ് റാവത്തും പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.