ടട്ര ട്രക്ക് കരാര്‍: പിഴ ആദ്യം ചൂണ്ടിക്കാട്ടിയത് ആന്റണി
- Last Updated on 07 May 2012
ന്യൂഡല്‍ഹി:സൈന്യത്തിന് ടട്ര ട്രക്കുകള്‍ വാങ്ങുന്നതിനുള്ള വിവാദ കരാറിനെക്കുറിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചതും ഇടപാട് താത്കാലികമായി മരവിപ്പിച്ചതും പ്രതിരോധമന്ത്രി എ.കെ. ആന്റണി.
2008-ലാണ് ആന്റണി ഇടപെട്ട് ടട്ര ട്രക്കുകള്‍ വാങ്ങുന്ന കരാറില്‍ ആന്റണി ഇടപെട്ടത്. അതുവരെ ഈ ഇടപാടിലെ പിഴവ് തിരുത്താന്‍ ആരും
ശ്രമിച്ചിരുന്നില്ല.
2008 സപ്തംബര്‍ 26-ന് ചേര്‍ന്ന പ്രതിരോധ സംഭരണ കൗണ്‍സില്‍ യോഗത്തിലാണ് ആന്റണി ടട്ര ട്രക്കുകള്‍ വാങ്ങുന്നതിന്റെ സാധുതയെ ചോദ്യംചെയ്തതെന്ന് രേഖകള്‍ പറയുന്നു. രണ്ടു ദശാബ്ദത്തിലേറെയായി ഒരേ കമ്പനിയില്‍നിന്ന് ഒരേ കരാറിന്റെ അടിസ്ഥാനത്തില്‍ ട്രക്കുകള്‍ വാങ്ങുന്ന പ്രശ്‌നമാണ് ആന്റണി ചൂണ്ടിക്കാട്ടിയത്. ആഗോള ടെന്‍ഡര്‍ വിളിച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഏറ്റവുംമികച്ച ഉത്പന്നം വാങ്ങാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
യോഗത്തില്‍ പങ്കെടുത്ത അന്നത്തെ കരസേനാമേധാവി ജനറല്‍ ദീപക് കപൂര്‍ ഈ നിര്‍ദേശം സ്വീകരിച്ചു. ഒറ്റ ഇടപാടുകാരന്‍ എന്ന സ്ഥിതി അവസാനിപ്പിക്കാന്‍ കരാര്‍ റദ്ദാക്കാനും മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് ജനറല്‍ കപൂര്‍ തന്നെയാണ് ടട്ര ട്രക്കുകള്‍ക്കായി വാദിച്ചത്. മറ്റു മാര്‍ഗങ്ങളില്ലെന്നതായിരുന്നു കാരണം. അന്തിമഘട്ടത്തില്‍ 'ടട്ര ട്രക്കുകള്‍ മാത്രം' എന്ന നിലവരുന്ന രീതിയിലാണ് അതു വാങ്ങാനുള്ള കരാറിലെത്തിയതെന്ന് പ്രതിരോധമന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു. അടിയന്തരസാഹചര്യം ചൂണ്ടിക്കാട്ടി ട്രക്കുകള്‍ വാങ്ങുന്നത് തുടരുകയും ചെയ്തു.
പ്രതിരോധമന്ത്രാലയത്തിന്റെ പ്രകടനത്തെപ്പറ്റി പാര്‍ലമെന്റില്‍ തിങ്കളാഴ്ച ചര്‍ച്ച നടക്കുന്നുണ്ട്. വിവാദമായ ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ആന്റണി പാര്‍ലമെന്റില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്.