രാഷ്ട്രപതി തിരഞ്ഞെടുപ്പ്: മമത വിലപേശുന്നു
- Last Updated on 07 May 2012
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി മമതാ ബാനര്‍ജി വിലപേശുന്നു. പശ്ചിമ ബംഗാളിനുള്ള സാമ്പത്തിക പാക്കേജ് പ്രശ്‌നം ഉയര്‍ത്തിയാണ് മമത കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്. അതിനിടെ, രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ആദ്യം പ്രഖ്യാപിക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
ബംഗാളിന്റെ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്ന് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക്‌ശേഷം മമത വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. അതെസമയം, മമതയ്ക്കുള്ള സാമ്പത്തിക സഹായത്തിന് വഴികള്‍ തേടുകയാണ് സര്‍ക്കാര്‍. ധനകാര്യ കമ്മീഷന്റെ അംഗീകാരമില്ലാതെ തന്നെ സഹായം നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ.ക്കുള്ളിലെ ഭിന്നത മുതലെടുക്കുന്നതിന് കോണ്‍ഗ്രസ് നീക്കം ശക്തമാക്കുന്നതിനിടയിലാണ് സമ്മര്‍ദവുമായി മമത രംഗത്തെത്തിയത്. ജനതാദളി (യു)ന്റെയും ഇടതുപക്ഷത്തിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും ബി.എസ്.പി.യുടെയും പിന്തുണയോടെ തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.
യു.പി.എ.ഇതര കക്ഷികളുടെ പിന്തുണ ഉണ്ടെങ്കില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യു.പി.എ.യ്ക്ക് നല്ല മുന്‍തൂക്കമുണ്ടാകും. 11 ലക്ഷം വരുന്ന ഇലക്ടറല്‍ കോളേജിലെ വോട്ടില്‍ ആറരലക്ഷം വോട്ട് ഈ സഖ്യത്തിന് ലഭിക്കും. സാമ്പത്തിക പാക്കേജിനെ ചൊല്ലി മമത ഇടഞ്ഞാല്‍ ഈ വോട്ട് കുറയും. ഇതൊഴിവാക്കാന്‍ തിരക്കുപിടിച്ച് സാമ്പത്തിക പാക്കേജ് നല്‍കുന്നതിനുള്ള നീക്കം നടത്തുകയാണ് കോണ്‍ഗ്രസ്. യു.പി.എ. സ്ഥാനാര്‍ഥിയെ ഒറ്റയടിക്ക് തള്ളാന്‍ മമതയ്ക്ക് കഴിയില്ല. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് ഈ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണവര്‍.
ബംഗാളിയെന്ന നിലയ്ക്ക് പ്രണബ് മുഖര്‍ജിയെയും മുസ്‌ലിമെന്ന നിലയ്ക്ക് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയും എതിര്‍ക്കാന്‍ മമതയ്ക്കാകില്ല. കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥിയെ പരസ്യപ്പെടുത്തിയ ശേഷം ചര്‍ച്ചയാകാമെന്ന നിലപാടാണ് സി.പി.എം. പൊളിറ്റ് ബ്യൂറോ സ്വീകരിച്ചത്. മുലായം സിങ് യാദവുമായും ശരദ് പവാറുമായും നടത്തിയ ചര്‍ച്ചകള്‍ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും യോഗത്തില്‍ വിവരിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന ഇടതുപാര്‍ട്ടികളുടെ യോഗത്തില്‍ പ്രണബ് മുഖര്‍ജിയാണെങ്കില്‍ പിന്തുണയ്ക്കണമെന്ന ധാരണ ഉരുത്തിരിഞ്ഞിരുന്നു.