കൊലക്കേസ് പ്രതികള്‍ക്ക് ജാമ്യം: ജാഗ്രതവേണം-സുപ്രീംകോടതി
- Last Updated on 07 May 2012
ന്യൂഡല്‍ഹി: കൊലപാതകം പോലെയുള്ള ഹീനകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് വേണ്ട ജാഗ്രത പാലിക്കാതെ ഹൈക്കോടതികള്‍ ജാമ്യം നല്‍കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സ്വാതന്ത്ര്യം എല്ലാ വ്യക്തികള്‍ക്കും വിലപ്പെട്ടതാണെങ്കിലും ഇത്തരത്തില്‍
ആരോപണവിധേയരായവര്‍ക്ക് ജാമ്യം നല്‍കുമ്പോള്‍ നിയമവ്യവസ്ഥകള്‍ മറികടക്കരുതെന്ന് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണനും ദീപക് മിശ്രയുമുള്‍പ്പെട്ട ബെഞ്ച് റൂളിങ് നല്‍കി. കോടതികള്‍ നിയമത്തിന്റെ നാലുചുമരുകള്‍ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും അതില്‍നിന്ന് വ്യതിചലിക്കരുതെന്നും കോടതി പറഞ്ഞു.
കൊലക്കേസില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ക്ക് ജാമ്യം നല്‍കാന്‍ മജിസ്‌ട്രേട്ടിന് നിര്‍ദേശം നല്‍കിയ ഒറീസ ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി പ്രതികളോട് കീഴടങ്ങാനും തുടര്‍ന്ന് ജാമ്യം നല്‍കാനും നിര്‍ദേശിച്ചു. കൊല്ലപ്പെട്ടയാളുടെ സഹോദരിയാണ് ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
ഗുര്‍ബക്ഷ് സിങ് സിബ്ബിയ, സാവിത്രി അഗര്‍വാള്‍ കേസുകളില്‍ ഭരണഘടനാബെഞ്ചിന്റെ വിധി ഉദ്ധരിച്ച സുപ്രീംകോടതി, മജിസ്‌ട്രേട്ടിനുമുന്നില്‍ കീഴടങ്ങുന്ന പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്ന് കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കി.