കളക്ടറുടെ മോചനം: വ്യവസ്ഥകളെക്കുറിച്ച് ആശയക്കുഴപ്പം
- Last Updated on 05 May 2012
ന്യൂഡല്‍ഹി: മാവോവാദികളുടെ പിടിയിലായിരുന്ന ഛത്തീസ്ഗഢിലെ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ധാരണകളെക്കുറിച്ച് ആശയക്കുഴപ്പം. മാവോവാദികളുമായി ഒരുതരത്തിലുള്ള രഹസ്യധാരണകളും സംസ്ഥാനസര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍
ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ് പറഞ്ഞു.
മധ്യസ്ഥന്‍ ഒപ്പിട്ട കരാറിന്റെ പകര്‍പ്പ് പത്രസമ്മേളനത്തില്‍ വിതരണം ചെയ്തു. എന്നാല്‍, ജയിലിലുള്ള അഞ്ച് കൂട്ടാളികളെ ഉടന്‍ വിട്ടയയ്ക്കണം എന്ന് വെള്ളിയാഴ്ചയും മാവോവാദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മധ്യസ്ഥരുമായി ഒപ്പിട്ട കരാറില്‍ മാവോവാദികളുടെ സുപ്രധാനമായ ഒരാവശ്യത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. മാവോവാദികള്‍ക്കെതിരായ നടപടിയുടെ പേരില്‍ അറസ്റ്റിലാവുന്ന ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാരസമിതിയെ നിയമിക്കുമെന്നാണ് സര്‍ക്കാറിന്റെ ഉറപ്പ്. അലക്‌സിനെ വിട്ടയച്ച് ഒരു മണിക്കൂറിനുള്ളില്‍ ഈ സമിതി പ്രവര്‍ത്തനം തുടങ്ങുമെന്നും കരാറില്‍ പറയുന്നു. മാവോവാദികളുമായുള്ള ചര്‍ച്ചകളില്‍ സര്‍ക്കാറിന്റെ മധ്യസ്ഥയായ നിര്‍മല ബുച്ചിന്റെ നേതൃത്വത്തിലാണ് സമിതി രൂപവത്കരിച്ചത്. അവിഭക്ത മധ്യപ്രദേശിന്റെ ചീഫ് സെക്രട്ടറിയായിരുന്നു നിര്‍മല. സംസ്ഥാന ചീഫ്, സെക്രട്ടറി, ഡി.ജി.പി. എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ മറ്റെരു മധ്യസ്ഥനായ എസ്.കെ. മിശ്രയും മാവോവാദികളുമായി രഹസ്യധാരണകളൊന്നുമില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
400-ലധികം ആദിവാസികളാണ് ഛത്തീസ്ഗഢിലെ വിവിധ ജയിലുകളില്‍ മാവോവാദി വേട്ടയുടെ പേരില്‍ കഴിയുന്നത്. ഇവര്‍ക്കെതിരായ കേസുകള്‍ തെളിയിക്കാന്‍പോലും പോലീസിനു കഴിഞ്ഞിട്ടില്ലെന്നാണ് മാവോവാദികള്‍ ആരോപിക്കുന്നത്. ഈ ആരോപണം ചര്‍ച്ചയില്‍ മാവോവാദികളുടെ മധ്യസ്ഥരായ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. ബി.ഡി. ശര്‍മയും പ്രൊഫ. ജി. ഹര്‍ഗോപാലും ശരിവെക്കുന്നു. അന്യായമായി തടവില്‍ കഴിയുന്ന ഓരോ ആദിവാസിയുടെയും കേസ് പരിശോധിച്ച് കഴിയുന്നത്ര ആളുകളെ എത്രയും വേഗം മോചിപ്പിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആരോപിക്കപ്പെട്ട മുഴുവന്‍ കേസുകളില്‍നിന്നും മോചിതയായ മീന ചൗധരി എന്ന മാവോവാദി അനുഭാവിയെ വീണ്ടും അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാളെ ഉടനെ വിട്ടയയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മീനയുടെ ജാമ്യാപേക്ഷ അടുത്തദിവസം വരുമ്പോള്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നാണ് സൂചന.
വിവിധ കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇവരില്‍ വലിയ ഭൂരിപക്ഷത്തെ മോചിപ്പിക്കാമെന്ന ധാരണ സര്‍ക്കാറും മധ്യസ്ഥരുമായി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
മാവോവാദികള്‍ക്കെതിരെ ഛത്തീസ്ഗഢിലെ ബസ്തര്‍ വനമേഖല കേന്ദ്രീകരിച്ച് നടക്കുന്ന 'ഹരിത വേട്ട' എന്ന പോലീസ് നടപടി അവസാനിപ്പിക്കുക, മാവോവാദികളെ തടയാനായി പ്രാദേശിക ഭൂവുടമ സംഘമായ 'സല്‍വാജുദൂമിനെ' ഉപയോഗിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍, 'ഹരിതവേട്ട' എന്നൊന്ന് നടക്കുന്ന കാര്യം അറിയില്ലെന്നും അത് പൂര്‍ണമായും മാധ്യമസൃഷ്ടിയാണെന്നുമാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നിലപാട്. പക്ഷേ, മാവോവാദി വേട്ടയുടെ പേരില്‍ നിരപരാധികളായ ആദിവാസികളെ വേട്ടയാടുന്നുണ്ട് എന്ന പരാതി അന്വേഷിക്കുകയും ഉണ്ടെങ്കില്‍ അത് തടയുകയും ചെയ്യും. സല്‍വാജുദൂം സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് അത് നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടി കൈക്കൊള്ളും എന്നും ധാരണയുണ്ടാക്കിയിട്ടുണ്ട്.