മൂന്നുവര്‍ഷം പിന്നിട്ട അനധികൃത കൈയേറ്റം ഒഴിപ്പിച്ചു
- Last Updated on 11 February 2012
- Hits: 2
പെരിഞ്ചാംകുട്ടി (ഇടുക്കി): പെരിഞ്ചാംകുട്ടി പ്ലാന്‍േറഷനിലെ മൂന്നുവര്‍ഷം പിന്നിട്ട അനധികൃത കൈയേറ്റം ഒഴിപ്പിച്ചു. വനപാലകരും പോലീസും ചേര്‍ന്നാണ് വെള്ളിയാഴ്ച കൈയേറ്റം ഒഴിപ്പിച്ചത്. എന്നാല്‍, ചിന്നക്കനാലില്‍നിന്ന് കാട്ടാനശല്യത്തില്‍ പൊറുതിമുട്ടിയെത്തി പ്ലാന്‍േറഷനില്‍ കുടില്‍ കെട്ടിയ 18
ആദിവാസിക്കുടുംബങ്ങളെ ഒഴിപ്പിച്ചില്ല. ആദിവാസികളുടെ മറവില്‍ വനഭൂമി കൈയേറി കെട്ടിയ മറ്റ് 238 കുടിലുകളാണ് ഒഴിപ്പിച്ചത്.
202.54 ഹെക്ടര്‍ വിസ്തൃതിയുള്ള പ്ലാന്‍േറഷനില്‍ കുടിലുകള്‍ കെട്ടുകയും ഇല്ലിയും മരങ്ങളും വെട്ടിമാറ്റി കൃഷി നടത്തുകയുമായിരുന്നു കൈയേറ്റക്കാര്‍. ഇവിടെ താമസിക്കുന്നവരുടെ കുടിലുകള്‍ 60ല്‍ താഴെയാണ്. ബാക്കിയുള്ള കുടിലുകളെല്ലാം ജില്ലയുടെ പല ഭാഗങ്ങളില്‍നിന്നെത്തിയവര്‍ കൈയേറ്റം നടത്തി സ്ഥാപിച്ചതാണ്. ഇവരാരും ഇവിടെ താമസിക്കാറില്ല. കൃഷി നടത്തുകയോ മറ്റുള്ളവര്‍ക്ക് കൃഷിക്ക് പാട്ടത്തിനു നല്‍കുകയോ ആയിരുന്നു. ഇവിടെ കൃഷിചെയ്തിരുന്ന കപ്പ, വാഴ, പാവല്‍ തുടങ്ങിയവയും ഉദ്യോഗസ്ഥര്‍ നീക്കംചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഏഴുമണിയോടെ മൂന്നാര്‍ ഡിവൈ.എസ്.പി. വി.എസ്.സജിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പോലീസുകാരും മൂന്നാര്‍ ഡി.എഫ്.ഒ. ഇന്ദുചൂഡന്റെ നേതൃത്വത്തില്‍ വനപാലകരുമാണ് ഒഴിപ്പിക്കല്‍ നടത്തിയത്. വെള്ളിയാഴ്ച ഒഴിപ്പിക്കല്‍ നടക്കുമെന്ന് അറിയിച്ചിരുന്നതിനാല്‍ വസ്തുവകകളും സാധനസാമഗ്രികളും കുടിലില്‍നിന്ന് നേരത്തേതന്നെ മാറ്റിയിരുന്നു.
ഉദ്യോഗസ്ഥരെ തടയാന്‍ കൈയേറ്റക്കാര്‍ പദ്ധതിയിട്ടിരുന്നെങ്കിലും കനത്ത പോലീസ് സന്നാഹങ്ങളുണ്ടായിരുന്നതിനാല്‍ അക്രമമുണ്ടായില്ല. ഇടുക്കിയില്‍നിന്ന് ചെമ്പകപ്പാറയിലേക്കും അങ്കമാലിയില്‍നിന്ന് പെരിഞ്ചാംകുട്ടിയിലേക്കും രണ്ടുഭാഗത്തുകൂടിയാണ് പോലീസ്‌സന്നാഹം എത്തിയത്. മുദ്രാവാക്യംവിളിയുമായി എതിര്‍ത്തവരെ അറസ്റ്റുചെയ്തു നീക്കിയതിനു ശേഷമാണ് കൈയേറ്റം ഒഴിപ്പിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഒഴിപ്പിക്കല്‍ അവസാനിച്ചു.