മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഇന്ന് കര്‍ദ്ദിനാളായി വാഴിക്കും
- Last Updated on 18 February 2012
- Hits: 1
വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ശനിയാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്ന് കര്‍ദിനാള്‍ പദവി സ്വീകരിക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ പത്രോസിന്റെ ദേവാലയത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണ്
കര്‍ദിനാള്‍ പദവി സ്വീകരിക്കുന്നത്. തുടര്‍ന്ന് പുതിയ കര്‍ദിനാള്‍മാര്‍ക്ക് സ്ഥാനികദേവാലയം നിശ്ചയിച്ചു കൊടുക്കും. ശേഷം സഭയില്‍ കര്‍ദിനാള്‍ സ്ഥാനത്തിന്റെ അടയാളമായ ചുവന്ന തൊപ്പിയും മോതിരവും അണിയിക്കും.
ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് മാര്‍പാപ്പ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും മറ്റ് പുതിയ കര്‍ദിനാള്‍മാര്‍ക്കുമൊപ്പം വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ സമൂഹബലി അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാനിലെ സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് അദ്ദേഹം വിശുദ്ധ അനസ്താസിയായുടെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കും.
സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാബാവ ദിവ്യബലിമധ്യേ സന്ദേശം നല്‍കും. തുടര്‍ന്ന് കര്‍ദിനാളിന്റെ ബഹുമാനാര്‍ത്ഥം അത്താഴവിരുന്നുണ്ടാകും. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം, കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട്, ചിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സീറോ മലബാര്‍ സഭാ കൂരിയാ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, മന്ത്രി പി.ജെ.ജോസഫ് തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.