19February2012

സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ട്?

ആലപ്പുഴ: വൈദ്യുതി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തി. സ്ഥിതിഗതികള്‍ ഇതേനിലയ്ക്കു തുടര്‍ന്നാല്‍ മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ കേരളത്തില്‍ വൈദ്യുതി നിയന്ത്രണത്തിന് കടുത്ത നടപടികള്‍ വേണ്ടിവന്നേക്കും. പവര്‍കട്ട് ഏപ്രില്‍ വരെ

ഒഴിവാക്കാനാവില്ലെന്നാണു സൂചന.

നഗരങ്ങള്‍, പ്രധാന ആസ്പത്രികള്‍, പ്രമുഖ വ്യക്തികള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ഒഴിവാക്കിയാണ് ഇപ്പോള്‍ അപ്രഖ്യാപിത കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ,മന്ത്രിമന്ദിരങ്ങള്‍, എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്ന സോണ്‍ 3നെ പവര്‍കട്ടില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം. മറ്റു ജില്ലകളിലും പ്രധാനനഗരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. വൈകീട്ട് ഏഴിനും ഒമ്പതിനുമിടയ്ക്കാണ് വൈദ്യുതിവിതരണം നിയന്ത്രിക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാം തകരുമെന്ന ആശങ്കയില്‍ ഇടുക്കി ഡാമിലെ വെള്ളംവറ്റിച്ചതാണ് പ്രതിസന്ധിക്ക് പ്രധാനകാരണം. സ്വകാര്യ വൈദ്യുതി ഉത്പാദകരില്‍നിന്ന് വൈദ്യതി കിട്ടാതായതും അന്തസ്സംസ്ഥാന പ്രസരണ ലൈനുകള്‍ക്ക് ശേഷി കുറവായതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

മഴ നന്നായി കിട്ടിയ സമയത്ത് മുഴുവന്‍ വെള്ളവും ഒഴുക്കി വിടാനായി ഇടുക്കി , മൂലമറ്റം ഡാമുകളിലെ അഞ്ചു ജനറേറ്ററുകളും ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം കഴിയുന്നത്ര സംഭരിക്കാന്‍ ശേഷി ഉണ്ടാക്കുകയായി രുന്നു ലക്ഷ്യം. ഡാമിലെ വെള്ളം ക്രമാതീതമായി കുറഞ്ഞുവെന്നതാണു ഫലം.

കേരളത്തില്‍ പ്രതിദിനം 3200 മെഗാവാട്ട് വൈദ്യുതി വേണ്ട സ്ഥാനത്ത് 2800 മെഗാവാട്ട് മാത്രമാണ് കിട്ടാറുള്ളത്. വൈദ്യതിക്ഷാമം വീണ്ടും രൂക്ഷമായതാണ് അപ്രഖ്യാപിത പവര്‍കട്ടിനു നിര്‍ദേശം നല്‍കാന്‍ കാരണം. അന്നന്നത്തെ ലഭ്യത അനുസരിച്ചാണ് വൈദ്യതി വിതരണം ചെയ്യുന്നത്. ലഭ്യത കുറഞ്ഞാല്‍ വിതരണത്തിലും കുറവു വരുത്തും. കേരളം മുഴുവന്‍ അര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ 450 മുതല്‍ 500 മെഗാവാട്ടുവരെ വൈദ്യുതി ലാഭിക്കാമെന്നാണ് കണക്ക്.

വേനല്‍ കടുക്കുന്നതോടെ വൈദ്യുതി ഉപയോഗം കൂടുന്നതനുസരിച്ച് പവര്‍കട്ടിന്റെ സമയവും ദീര്‍ഘിപ്പിക്കും.വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് ആന്ധ്ര , കര്‍ണാടകം , തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കൂടിയവില നല്‍കി സ്വകാര്യ ഉത്പാദകരില്‍നിന്ന് വൈദ്യതി വാങ്ങുന്നുണ്ട്. ഇതുമൂലം കേരളത്തിന് വൈദ്യുതി കിട്ടുന്നില്ല.

തമിഴ്‌നാട്ടിലെ സ്വകാര്യ ഉത്പാദകര്‍ പുറത്ത് വൈദ്യുതി വില്ക്കുന്നത് വിലക്കിയിട്ടുമുണ്ടത്രെ. നാഫ്തക്ക് വില കൂടിയതിനാല്‍ കായംകുളം താപവൈദ്യുതി നിലയത്തില്‍ ഒന്നര മാസമായി വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചു. ഇതും കേരളത്തിന്റെ വൈദ്യുതിലഭ്യത കുറച്ചു.

പ്രതിസന്ധി മുന്‍കൂട്ടിക്കാണുന്നതില്‍ വൈദ്യുതിവകുപ്പിലെ ഉന്നത അധികാരികള്‍ക്ക് പിഴവുണ്ടായെന്നും ആക്ഷേപമുണ്ട്.

Newsletter