19February2012

ഇറ്റാലിയന്‍ കപ്പലിന്റെ നടപടി നിയമവിരുദ്ധം -പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: മീന്‍പിടിത്തത്തിന് പോയവരെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ കപ്പലിന്റെ നടപടി എല്ലാ നിയമങ്ങള്‍ക്കും വിരുദ്ധമാണെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്‍റണി പറഞ്ഞു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം

അഭിപ്രായപ്പെട്ടു. ഇന്ത്യ ഏറ്റവും ഗൗരവത്തോടെയാണ് സംഭവം എടുത്തിരിക്കുന്നതെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

അതേസമയം, മത്സ്യത്തൊഴിലാളികള്‍ സായുധരായിരുന്നെന്നും അവര്‍ 'ശത്രുതാപരമായി' കപ്പലിനെ സമീപിച്ചു എന്നുമുള്ള വാദവുമായി ഇറ്റാലിയന്‍ പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. 'എന്‍റിക്ക ലെക്‌സി' എന്ന വിവാദ കപ്പലില്‍ ഇറ്റാലിയന്‍ കരസേനയുടെ സാന്‍ മാര്‍ക്കോ ബറ്റാലിയനായിരുന്നു സുരക്ഷാ ചുമതലയെന്നാണ് സൂചന. ഇറ്റലിയിലെ ഫ്രാറ്റെല്ലി ദ് അമാറ്റോ എന്ന കമ്പനിയാണ് കപ്പലിന്റെ ഉടമസ്ഥര്‍. നേരത്തേ ഇവരുടെ പല കപ്പലുകളും സോമാലി കപ്പല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തിട്ടുണ്ട്.

ഇറ്റലിയിലെ നേപ്പിള്‍സാണ് കപ്പല്‍ക്കമ്പനിയുടെ ആസ്ഥാനം. കപ്പലിനെതിരെ കൈക്കൊള്ളുന്ന നടപടികള്‍ സംബന്ധിച്ച് വിദേശ മന്ത്രാലയം വെള്ളിയാഴ്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് നടന്നത് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നുവോ, അന്താരാഷ്ട്ര സമുദ്രഭാഗത്തായിരുന്നുവോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.

സംഭവം അന്താരാഷ്ട്ര സമുദ്രഭാഗത്തായാല്‍ക്കൂടി ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സ്ഥിതിക്ക് ഇന്ത്യക്ക് നടപടികള്‍ സ്വീകരിക്കാനാവുമെന്ന് വിദേശമന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ഗണപതി പറഞ്ഞു. മത്സ്യത്തൊഴിലാളികളില്‍ നിന്ന് പ്രകോപനമൊന്നുമുണ്ടായില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് ഐ.ജി. ബത്ര പറഞ്ഞിട്ടുണ്ട്. ഇറ്റലിക്കാര്‍ക്ക് തെറ്റുപറ്റിയതാകാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Newsletter