സി.പി.എം. ബംഗാള്‍ നേതൃത്വത്തിന് രൂക്ഷവിമര്‍ശം
- Last Updated on 18 February 2012
കൊല്‍ക്കത്ത: സി.പി.എം. പശ്ചിമ ബംഗാള്‍ സമ്മേളനത്തിലെ രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ടിന്മേല്‍ മൂന്നാംദിവസം നടന്ന ചര്‍ച്ചയിലും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് രൂക്ഷവിമര്‍ശം. സിംഗൂര്‍, നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍, ആണവ കരാറിന്റെ പേരില്‍ യു.പി.എ. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കല്‍,
സര്‍ക്കാറിന്റെ വ്യവസായനയം, സ്വത്വ രാഷ്ട്രീയം, പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യം, അഴിമതി, തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടുകള്‍, പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ എന്നീ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയ്ക്കു വന്നത്. 19 ജില്ലകളിലെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ബുദ്ധദേവ് സര്‍ക്കാറിന്റെ നടപടികള്‍ ജനങ്ങളില്‍ അസംതൃപ്തി സൃഷ്ടിച്ചപ്പോള്‍ സംസ്ഥാന കമ്മിറ്റി കൈയുംകെട്ടി നോക്കിയിരുന്നതും മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കടിഞ്ഞാണിടാതിരുന്നതും എന്തുകൊണ്ടാണെന്ന് പ്രതിനിധികള്‍ ചോദിച്ചു. പാര്‍ട്ടി നേതാക്കള്‍ ജനങ്ങളില്‍ നിന്ന് എത്രമാത്രം അകന്നു പോയി എന്നതിന്റെ ദൃഷ്ടാന്തമാണ് ജനങ്ങളുടെ നാഡിമിടിപ്പ് അവര്‍ക്ക് അറിയാന്‍ കഴിയാതിരുന്നത്. അല്ലെങ്കില്‍ അറിഞ്ഞിട്ടും അധികാരത്തിന്റെ അഹന്തകൊണ്ട് അത് പരിഗണിച്ചില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും താരങ്ങളായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ, ബിമന്‍ ബോസ്, ഗൗതം ദേവ് എന്നിവരുടെ പെരുമാറ്റങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സ്വത്വരാഷ്ട്രീയത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. ഉദ്ഘാടനപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സ്വത്വരാഷ്ട്രീയത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
34 വര്‍ഷത്തിനിടെ ഇടതുമുന്നണിക്ക് ഭരണപരമായി വന്‍ നേട്ടങ്ങളാണ് ഉണ്ടാക്കാന്‍ സാധിച്ചതെന്നും അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതിരുന്നതാണ് പരാജയത്തിനുള്ള പ്രധാന കാരണമായി കാണുന്നതെന്നും പാര്‍ട്ടി രേഖ പറയുന്നു. യു.പി.എ. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള കാരണം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതെപോയതും പരാജയത്തിനിടയാക്കി.
ആണവക്കരാറിന്റെ പേരില്‍ യു.പി.എ. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് ശരിയായില്ലെന്നുള്ള അഭിപ്രായം സംസ്ഥാന പാര്‍ട്ടിയില്‍ ചിലര്‍ക്കുള്ളതായി ചര്‍ച്ചകളില്‍ വ്യക്തമായി. പ്രതിനിധി സമ്മേളനം ശനിയാഴ്ച അവസാനിക്കും. ശനിയാഴ്ച പുതിയ സംസ്ഥാനകമ്മിറ്റിയെയും കോണ്‍ഗ്രസ്സിലേക്കുള്ള പ്രതിനിധികളെയും തിരഞ്ഞെടുക്കും. പുതിയ കമ്മിറ്റിയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം കൊടുക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് സൂചിപ്പിച്ചു