21April2012

You are here: Home Kerala Ernakulam എറണാകുളം-കൊല്ലം മെമു ഇന്ന് മുതല്‍

എറണാകുളം-കൊല്ലം മെമു ഇന്ന് മുതല്‍

കൊച്ചി: എറണാകുളം- കൊല്ലം മെമു ( മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) തീവണ്ടി ഞായറാഴ്ച ഓടിത്തുടങ്ങും. ഞായറാഴ്ച രാവിലെ 11ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീവണ്ടി ഫ്ലാഗ് ഓഫ് ചെയ്യും. തീവണ്ടി രണ്ട് ദിവസം മുമ്പ് എറണാകുളത്ത് എത്തിയെങ്കിലും പിറവം തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. യാത്രക്കാരുടെ നിരന്തരമായ

ആവശ്യമായിരുന്നു എറണാകുളം- കൊല്ലം മെമു. 

എറണാകുളത്ത് നിന്ന് ആലപ്പുഴ വഴിയും കോട്ടയം വഴിയും രണ്ട് മെമു ആണ് തുടങ്ങുന്നത്. തിങ്കളാഴ്ച ഇതിന്റെ തുടര്‍ച്ചയായുളള സര്‍വീസ് ആരംഭിക്കും. കോട്ടയം വഴിയുളള മെമു (66300) രാവിലെ 10ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 2.25ന് എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ എത്തും. തിരികെ (66301) 2.45ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 6.45ന് കൊല്ലത്ത് എത്തും. ആലപ്പുഴ വഴിയുളള മെമു (66302) രാവിലെ 9ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 1.15ന് എറണാകുളത്ത് എത്തും. തിരികെ (66303) 2ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 6.15ന് കൊല്ലത്ത് എത്തും. ഇത് തിങ്കളാഴ്ച സര്‍വീസ് നടത്തില്ല. കോട്ടയം വഴിയുളള മെമു ശനിയാഴ്ചകളില്‍ സര്‍വീസ് നടത്തില്ല. ഓട്ടം നടത്താത്ത ദിവസങ്ങളില്‍ ഇതിന്റെ അറ്റകുറ്റ പണി നടത്തും. കൊല്ലത്തെ മെമു ഷെഡ് പൂര്‍ത്തിയാകുന്നതു വരെ പാലക്കാട് ഷെഡില്‍ ഇതിന്റെ അറ്റകുറ്റപ്പണി നടത്താനാണ് റെയില്‍വെ ഉദ്ദേശിക്കുന്നത്. 

എട്ട് കോച്ചുകള്‍ ഉളള മെമു തീവണ്ടിയാണ് ചെന്നൈയില്‍ നിന്ന് എറണാകുളത്ത് എത്തിയിരിക്കുന്നത്. ഒരു കോച്ചില്‍ 120 പേര്‍ക്ക് ഇരിക്കാനാകും. ഏകദേശം 3000 ആളുകള്‍ക്ക് ഇതില്‍ യാത്ര ചെയ്യാനാകുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. എ. സി കോച്ച് ഉണ്ടാകില്ല. പാസഞ്ചര്‍ തീവണ്ടി തന്നെയാണെങ്കിലും ഇരുവശത്തും എന്‍ജിന്‍ ഉണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാല്‍ ഒരു സ്റ്റേഷനില്‍ എത്തിയാല്‍ തിരികെ ഓട്ടത്തിന് എന്‍ജിന്‍ മാറ്റി ഘടിപ്പിക്കേണ്ട ആവശ്യം വരില്ല. ഇരുവശത്തു നിന്ന് സര്‍വീസ് നടത്താനാകുമെന്നതാണ് സവിശേഷത. 2010-11 ബജറ്റില്‍ പ്രഖ്യാപിച്ച ആലപ്പുഴ മെമുവും 2011-12 ല്‍ പ്രഖ്യാപിച്ച കോട്ടയം മെമുവുമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. 

Newsletter