കടലിലെ വെടിവെയ്‌പ്: കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് കേന്ദ്രം
- Last Updated on 20 April 2012
- Hits: 3
ന്യൂഡല്‍ഹി: കൊല്ലം നീണ്ടകരയില്‍ ഇറ്റാലിയന്‍ ചരക്ക് കപ്പലിലെ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ കേസെടുക്കാനോ കേരളത്തിന് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കപ്പല്‍ വിട്ടുനല്‍കണമെന്ന കപ്പലുടമകളുടെ ഹര്‍ജി കോടതി പരിഗണിക്കവെയാണ് കേന്ദ്രം മുന്‍നിലപാട്
മാറ്റിയത്.
കേന്ദ്രനിലപാടിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. മരിച്ചത് ഇന്ത്യക്കാരാണെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ല അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് സംഭവം നടന്നതെന്നും അതിനാല്‍ തന്നെ സംഭവത്തില്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ കേരളത്തിന് അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് റാവത്ത് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുമാറ്റത്തില്‍ അതൃപ്തി അറിയിച്ച സുപ്രീം കോടതി കപ്പലുടമകളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 30ലേക്ക് മാറ്റി.
പ്രശ്‌നത്തില്‍ ഇറ്റലിയുടെ നിലപാടിനെതിരായിരുന്നു നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് സംഭവം നടന്നതെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ വാദം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിഷേധിച്ചിരുന്നു.