കാറ്റില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതിക്ക് പദ്ധതി
- Last Updated on 10 March 2012
പത്തനംതിട്ട:കേരളത്തില്‍ കാറ്റില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് കേന്ദ്ര ഊര്‍ജ്ജവകുപ്പ് സഹമന്ത്രി കെ.സി.വേണുഗോപാല്‍ അറിയിച്ചു. കൂടംകുളം ആണവപദ്ധതിയില്‍നിന്ന് കേരളത്തിന് ലഭിക്കേണ്ടത് 322 മെഗാവാട്ട് വൈദ്യുതിയാണ്.
പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ വൈദ്യുതിക്കുറവ് പരിഹരിക്കാന്‍ കേന്ദ്രം 250 മെഗാവാട്ട് അനുവദിച്ചെങ്കിലും ലൈന്‍ ലഭ്യമല്ലാത്തതിനാല്‍ എത്തിക്കാനാവുന്നില്ല. കായംകുളത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി നാഫ്തയുടെ എക്‌സൈസ്, കസ്റ്റംസ് നികുതികള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വിനോദസഞ്ചാര-തീര്‍ത്ഥാടന കേന്ദ്രങ്ങളിലും 46 നഗരങ്ങളിലും ഭൂമിക്ക് അടിയിലൂടെ വൈദ്യുതി ലൈന്‍ വലിക്കാന്‍ 1200കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശബരിമലയ്ക്കായി പദ്ധതി തയ്യാറാക്കിയാല്‍ പരിഗണിക്കും. സി.എഫ്.എല്‍.ബള്‍ബുകള്‍ വിതരണം ചെയ്തതുവഴി 400 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞു. ഇനി എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്യുന്നത് ആലോചനയിലാണ്.
കൂടംകുളത്തുനിന്ന് 322 മെഗാവാട്ടാണ് കേരളത്തിന് ലഭിക്കേണ്ടത്. എന്നാല്‍, ലൈന്‍വലിക്കുന്ന കാര്യത്തില്‍ ജനങ്ങളുടെ എതിര്‍പ്പ് പദ്ധതിയ്ക്ക് തടസ്സം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.