14March2012

You are here: Home National ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര: മഅദനി ഗൂഢാലോചനയില്‍ പങ്കാളി

ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര: മഅദനി ഗൂഢാലോചനയില്‍ പങ്കാളി

മംഗലാപുരം: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരയുടെ ഗൂഢാലോചനയില്‍ പി.ഡി.പി.നേതാവ് അബ്ദുള്‍നാസര്‍ മഅദനി പങ്കാളിയാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേകസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 2008 ജൂലായ് 25ന് ബാംഗ്ലൂര്‍ നഗരത്തിലെ മഡിവാള, ആഡുഗോഡി, അശോക്‌നഗര്‍, സംപാജിരാമനഗര്‍, ബൈട്രായനപുര, കെങ്കേരി എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍പ്പെട്ട

എട്ടിടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. 

ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മഅദനിക്കെതിരായ പരാമര്‍ശം. സ്‌ഫോടനങ്ങളില്‍ ഒരാള്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സിറ്റി പോലീസ് ജോയിന്റ് കമ്മീഷണറുടെ പ്രത്യേകനിര്‍ദേശമനുസരിച്ച് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌ഫോടനം നടക്കാതെപോയ കോറമംഗല ഉള്‍പ്പെടെ ഒമ്പത് കേസുകളില്‍ ഒരുമിച്ച് അന്വേഷണം നടത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. സ്‌ഫോടനപരമ്പരയുടെ മുന്നോടിയായി കുടക് മദപുരയിലെ ലെക്കേരി എസ്റ്റേറ്റില്‍ ഗൂഢാലോചനയും തീവ്രവാദപ്രവര്‍ത്തനങ്ങളും നടന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

കേസിലെ ഒന്നാംപ്രതി തടിയന്റവിട നസീറും മറ്റ് പ്രതികളായ അബ്ദുള്‍ജബ്ബാര്‍, പി.ഇ.മനാഫ്, ഫൈസല്‍, അബ്ദുള്‍ റഹീം എന്ന അഫ്താബ്, ഫയാസ്, ഫയീസ്, മുഹമ്മദ് യാസിന്‍, ഉമര്‍ ഫാറൂഖ്, ഇബ്രാഹിം മൗലവി, അയൂബ് എന്ന കെ.പി.സാബിര്‍, സഫാസ്, സലിം, സര്‍ഫുദ്ദീന്‍, താജുദ്ദീന്‍, സാബിര്‍ പി.ബുഹാരി, അബ്ദുള്‍നാസര്‍ മഅദനി എന്നിവരും ലെക്കേരി എസ്റ്റേറ്റില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തുകയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 

ഗള്‍ഫില്‍നിന്ന് ഇന്ത്യയിലെത്തിയ സര്‍ഫ്രാസ് നവാസും ലെക്കേരി എസ്റ്റേറ്റിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതായി പരാമര്‍ശമുണ്ട്. പെരുമ്പാവൂര്‍ സ്വദേശി സാബിര്‍ പി.ബുഹാരി മുഖേന 2005ലാണ് നസീറും സര്‍ഫ്രാസ് നവാസും തമ്മില്‍ പരിചയപ്പെട്ടത്. പിന്നീട് നടന്ന കൂടിയാലോചനകളില്‍ നസീറും സര്‍ഫ്രാസും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കി ഇന്ത്യയില്‍ നടപ്പാക്കിയതായി കുറ്റപത്രത്തില്‍ പറയുന്നു. 

ഇതിന്റെ ഭാഗമായാണ് കുടകിലെ ലെക്കേരി എസ്റ്റേറ്റില്‍ ഇഞ്ചികൃഷിയുടെ മറവില്‍ ഗൂഢാലോചന നടന്നത്. പ്രതിവര്‍ഷം 18,000 രൂപ പാട്ടത്തുക നല്‍കി ഏറ്റെടുത്ത ഭൂമിയില്‍ നസീര്‍ താത്കാലിക ഷെഡ് പണിതാണ് യുവാക്കള്‍ക്ക് പരിശീലനം നല്‍കിയത്. ഭൂമി പാട്ടത്തിന് നല്‍കിയ ആളും ഇടനിലക്കാരനും കേസില്‍ സാക്ഷികളാണ്. 

മൊത്തം 32 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അബ്ദുള്‍നാസര്‍ മഅദനി ഉള്‍പ്പെടെ അറസ്റ്റിലായ 20 പേര്‍ തടവിലാണ്. പിടികിട്ടാപ്പുള്ളികളായ എട്ടുപേരില്‍ നാലുപേര്‍ വിദേശികളാണ്. ഇവര്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ സജീവ പ്രവര്‍ത്തകരാണ്. 
കണ്ണൂര്‍ മരക്കാര്‍കണ്ടി തസ്ലീമ മന്‍സിലിലെ അയൂബ് എന്ന കെ.പി.സാബിര്‍, കണ്ണൂര്‍ പറമ്പായിയിലെ സലിം എന്ന റെയ്‌സല്‍, ഭട്കല്‍ ബന്ദര്‍ റോഡിലെ റിയാസ് ഭട്കല്‍, കണ്ണൂര്‍ പാപ്പിനിശ്ശേരി കണ്ടോത്തെ ഷോഹിബ് എന്ന ഫൈസല്‍ എന്നിവരും ഒളിവിലാണ്. 

കശ്മീരിലെ കുപ്പ്‌വാരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പരപ്പനങ്ങാടി ചെട്ടിപ്പടി കോയവീട്ടില്‍ അബ്ദുള്‍റഹീം, കണ്ണൂര്‍ തയ്യില്‍ മൈതാനപ്പള്ളി തൈക്കണ്ടി വീട്ടില്‍ മുഹമ്മദ് ഫയാസ്, കണ്ണൂര്‍ മുഴത്തടം ഹര്‍പ ഹൗസില്‍ പി.ഫായിസ്, എറണാകുളം തമ്മനത്തെ മുഹമ്മദ് യാസിന്‍ എന്ന വര്‍ഗീസ് ജോസഫ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. 

അബ്ദുള്‍ നാസര്‍ മഅദനിയാണ് ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരയ്ക്ക് കാരണമായ തീവ്രവാദപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഒന്നാംപ്രതിയായ തടിയന്റവിട നസീര്‍, മഅദനിയുടെ തീവ്രവാദ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് അദ്ദേഹത്തിന്റെ അനുചരനായി മാറിയത് -കുറ്റപത്രം പറയുന്നു. 

പൂര്‍ണമായും മഅദനിയുടെ സ്വാധീനവലയത്തിലായ നസീര്‍ കൂട്ടുകാരുമൊത്ത് സില്‍-സില നൂര്‍ലിഷ-ത്വരീഖത്ത് എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഈ സംഘടനയിലൂടെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് തുടങ്ങിയ നസീറും കൂട്ടുകാരും വിഘടനവാദത്തില്‍ ഊന്നിയ പ്രസംഗപരമ്പരകള്‍ സംഘടിപ്പിക്കുകയും യുവാക്കളെ തീവ്രവാദപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുകയും ചെയ്തു-കുറ്റപത്രത്തില്‍ ആരോപിക്കുന്നു. വധശിക്ഷവരെ കിട്ടാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുന്നതാണ് കുറ്റപത്രം.

Newsletter