11March2012

അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയാകും

ലക്‌നൗ: അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിലെ അടുത്ത മുഖ്യമന്ത്രിയാകും. സമാജ് വാദി പാര്‍ട്ടി എം.പി മാരുടെയും പുതിയ എം.എല്‍.എ മാരുടെയും യോഗം മുഖ്യമന്ത്രിയായി അഖിലേഷ് യാദവിനെ നിര്‍ദ്ദേശിച്ചു. എസ്.പി നേതാവ് മുഹമ്മദ് അസ്‌ലം ഖാനാണ് യോഗത്തില്‍ അഖിലേഷിന്റെ പേര് നിര്‍ദ്ദേശിച്ചത്. മുന്‍മുഖ്യമന്ത്രി മുലായംസിങ് യാദവിന്റെ മകനും എസ്.പി. സംസ്ഥാന അധ്യക്ഷനുമായ അഖിലേഷ് യാദവായിരുന്നു

ഇത്തവണ യു.പി തിരഞ്ഞെടുപ്പിലെ താരം. പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകണമെന്നാണ് ഭൂരിഭാഗം എം.എല്‍.എ.മാരും നേരത്തെ തന്നെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് 15 ന് അഖിലേഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രകടന പത്രികയില്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും സര്‍ക്കാര്‍ പാലിക്കുമെന്ന് യോഗത്തിനുശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിസഭാ രൂപവത്കരണം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ആവില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട ചുമതലകള്‍ ഏല്‍പ്പിക്കും. ക്രമസമാധാന പാലനത്തിന് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കും. ബി.എസ്.പി സര്‍ക്കാര്‍ നിര്‍മ്മിച്ച സൗധങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആസ്പത്രികളും ആക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധോല്‍പുര്‍ സൈനിക സ്‌കൂളിലാണ് അഖിലേഷ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മൈസൂര്‍ സര്‍വകലാശാലയിലെ ജയചാമരാജേന്ദ്ര കോളേജില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദവും സിഡ്‌നി സര്‍വകലാശാലയില്‍ നിന്ന് പരിസ്ഥിതി എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടി. മുലായത്തിന്റ മണ്ഡലമായ കാനോജില്‍ 2000ലെ ഉപതിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് വിജയിച്ച് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അഖിലേഷ് തുടക്കം കുറിച്ചു. 2004ലും 2009ലും ഇതേ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു. 67,301 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു 2009ലെ വിജയത്തിളക്കം. 

2009ല്‍ ഫിറോസാബാദ് മണ്ഡലത്തിലും അഖിലേഷ് വിജയിച്ചിരുന്നു. കാനോജില്‍ ജയിച്ചതിനാല്‍ ഫിറോസാബാദ് ഒഴിവാക്കി ഭാര്യ ഡിമ്പിളിനെ മത്സരിപ്പിച്ചു. പ്രചാരണത്തിന്റെ ചുമതല അമര്‍സിങ്ങിനും ജയപ്രദയ്ക്കുമായിരുന്നു. എന്നാല്‍, ഫിറോസാബാദില്‍ 85,000 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ്സിലെ രാജ് ബബ്ബാര്‍ വിജയിച്ചത് എസ്.പി.ക്ക് വന്‍തിരിച്ചടിയായി. പരാജയത്തില്‍ ബലിയാടായത് അമര്‍സിങ്ങായിരുന്നു. കുടുംബപാരമ്പര്യം നോക്കിയല്ല ജനങ്ങള്‍ വോട്ടു ചെയ്യുന്നതെന്നുള്ള ജനാധിപത്യപാഠം പഠിക്കാന്‍ ഈ പരാജയത്തിലൂടെ അഖിലേഷിനു സാധിച്ചു. യു.പി.യില്‍ എസ്.പി.യുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ജനങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള അഖിലേഷിന്റെ കഠിനശ്രമം തുടങ്ങുന്നത് ഇവിടെ നിന്നാണ്.

Newsletter