2 ജി: രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണനയില്‍
- Last Updated on 11 March 2012
ന്യൂഡല്‍ഹി: : 2 ജി. സ്‌പെക്ട്രം കേസില്‍ കഴിഞ്ഞമാസം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി മുഖേന സുപ്രീംകോടതിയെ സമീപിക്കുന്നു. പൊതുപ്രാധാന്യമുള്ള ഏതെങ്കിലും വിഷയം സുപ്രീംകോടതിയുടെ 'റഫറന്‍സിന്' വിടാന്‍ രാഷ്ട്രപതിക്ക് അധികാരമുള്ള ഭരണഘടനയുടെ 143-ാം വകുപ്പനുസരിച്ചാണിത്. രാഷ്ട്രപതി മുഖേന സര്‍ക്കാര്‍ ചോദിക്കുന്ന വിശദീകരണങ്ങള്‍ക്കും
സംശയങ്ങള്‍ക്കും അവ സാങ്കല്പികമല്ലെങ്കില്‍ സുപ്രീംകോടതി മറുപടി നല്‍കണം.
2 ജി. കേസിലെ വിധി നയപരമായ ചില സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതുകൊണ്ടാണ് 'രാഷ്ട്രപതിയുടെ റഫറന്‍സിന്' വിടാന്‍ ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. ശനിയാഴ്ച വൈകിട്ട് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയെ്തങ്കിലും അന്തിമതീരുമാനമെടുത്തില്ല. സോളിസിറ്റര്‍ ജനറല്‍ ആര്‍.എഫ്.നരിമാന്റെ നേരിട്ടുള്ള അഭിപ്രായംകൂടി കേട്ടശേഷമായിരിക്കും മന്ത്രിസഭയുടെ അന്തിമതീരുമാനം. സുപ്രീംകോടതിക്ക് 'പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്' നല്‍കിയ സന്ദര്‍ഭങ്ങള്‍ മുമ്പ് ഒട്ടേറെ തവണ ഉണ്ടായിട്ടുണ്ട്.
2008 ജനവരി 10-നു ശേഷം നല്‍കിയ 122 മൊബൈല്‍ ലൈസന്‍സുകള്‍ റദ്ദാക്കി നാലുമാസത്തിനകം ലേലനടപടികളിലൂടെ പുതിയ ലൈസന്‍സുകള്‍ നല്‍കാനാണ് സുപ്രീംകോടതി ഫിബ്രവരി രണ്ടിന് ഉത്തരവിട്ടത്. 2 ജി. സ്‌പെക്ട്രം വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാനമാക്കിയ 'ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം' എന്ന നയം തെറ്റാണെന്നും കോടതി വിധിച്ചു. നാലു മാസത്തിനുശേഷമേ വിധി പ്രാബല്യത്തില്‍ വരൂ.
സര്‍ക്കാറിന്റെ നയപരമായ വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ടാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ വെളിപ്പെടുത്തി. മുന്‍മന്ത്രി രാജ നല്‍കിയ എല്ലാ ലൈസന്‍സുകളും റദ്ദാക്കണമെന്ന് കോടതി വ്യക്തമായി പറഞ്ഞിട്ടില്ല. 2008 ജനവരി 10-നുശേഷം നല്‍കിയ ലൈസന്‍സുകള്‍ റദ്ദാക്കാനാണ് ഉത്തരവ്. 2008-ന് മുമ്പ് ലൈസന്‍സ് ലഭിച്ച ചില കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചത് ജനവരി 10-നുശേഷമാണ്. 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന നയപ്രകാരം, രാജ മന്ത്രിയാവുന്നതിനുമുമ്പ് 2004- നും 2007-നും ഇടയില്‍ 56 ലൈസന്‍സുകള്‍ അനുവദിച്ചിരുന്നു. എല്ലാ ലാന്‍ഡ് ഫോണ്‍ ഓപ്പറേറ്റര്‍മാരും യു.എ.എസ്.എല്‍. (യുണൈറ്റഡ് ആക്‌സസ് സര്‍വീസ് ലൈസന്‍സസ്) സമ്പ്രദായത്തിലേക്ക് മാറിയത് ലേലമില്ലാതെയാണ്. 2007-ല്‍ ഇരട്ട ടെക്‌നോളജി ലൈസന്‍സ് 35 എണ്ണം മന്ത്രി രാജ നല്‍കിയതും ലേലമില്ലാതെയായിരുന്നു.
കോടതി ഉത്തരവ് നടപ്പാക്കുമ്പോള്‍ ഈ വിഷയങ്ങളിലെല്ലാം ആശയക്കുഴപ്പം ഉണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. കോടതി ഉത്തരവിനെ ഒരു തരത്തിലും സര്‍ക്കാര്‍ വെല്ലുവിളിക്കുകയല്ല, മറിച്ച് പൊതുവിഭവങ്ങള്‍ വിതരണം ചെയ്യുന്നതിലെ ആശയക്കുഴപ്പം നീക്കുകയാണ് ലക്ഷ്യം. പ്രകൃതി വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന് ലേലമാണ് ഏറ്റവും നല്ലതെന്ന് കോടതി ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിന്മേലും കോടതിയുടെ വ്യക്തത ആവശ്യപ്പെടും.
പൊതുപ്രാധാന്യമുള്ള വിഷയത്തില്‍ രാഷ്ട്രപതി സുപ്രീംകോടതിയോട് വ്യക്തത ആവശ്യപ്പെട്ടാല്‍ കോടതി മൂന്നംഗ ബെഞ്ചോ അഞ്ചംഗ ബെഞ്ചോ രൂപവത്കരിച്ച് വിഷയം വീണ്ടും പരിശോധിക്കും. കേസിലുള്‍പ്പെട്ട കക്ഷികളുമായോ വിദഗ്ധരുമായോ കോടതിക്ക് കൂടിയാലോചന നടത്താം.
സാധാരണഗതിയില്‍ കോടതി രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിക്കുമെങ്കിലും അഭിപ്രായം പറയാതെ തിരിച്ചയച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. നേരത്തേ അയോധ്യാ കേസില്‍ 1993-ല്‍ നരസിംഹറാവു സര്‍ക്കാര്‍ സുപ്രീംകോടതിയുടെ റഫറന്‍സ് ആവശ്യപ്പെട്ടപ്പോഴാണ് അഭിപ്രായം പറയാതെ അത് രാഷ്ട്രപതിക്ക് തിരിച്ചയച്ചത്. അയോധ്യയില്‍ തര്‍ക്കമന്ദിരം പണിയുന്നതിനുമുമ്പ് ആ സ്ഥാനത്ത് ഹൈന്ദവ ആരാധനാലയം നിലനിന്നിരുന്നോ എന്ന വിഷയത്തിലാണ് അന്ന് രാഷ്ട്രപതി കോടതിയുടെ അഭിപ്രായം ആരാഞ്ഞത്. എന്നാല്‍, 1994 ഒക്ടോബറില്‍ കോടതി അത് തിരിച്ചയച്ചു. 2004-ല്‍ പഞ്ചാബും ഹരിയാണയും തമ്മിലുള്ള ജലതര്‍ക്കത്തിലും കേന്ദ്രം സുപ്രീംകോടതിയുടെ അഭിപ്രായം തേടിയിരുന്നു. 1973-ല്‍ പ്രത്യേക കോടതി ബില്‍ സംബന്ധിച്ചും കേന്ദ്രം രാഷ്ട്രപതി മുഖേന സുപ്രീംകോടതിയുടെ വിശദീകരണം തേടി.