സെല്‍വരാജിന് യു.ഡി.എഫിന്റെ പ്രോത്സാഹനം
- Last Updated on 10 March 2012
- Hits: 1
തിരുവനന്തപുരം: സെല്‍വരാജിന്റെ രാജിയുടെ സമയം നിര്‍ണായകമായി. പിറവത്തെ ദ്വന്ദ്വയുദ്ധത്തിനിടയിലാണ് രാജിയെന്നത് സി. പി. എമ്മിലെ ആഭ്യന്തര പ്രശ്‌നത്തിനപ്പുറം സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ വന്‍ ചലനം സൃഷ്ടിക്കാന്‍ പോന്നതായി. പിറവത്തെ പ്രചാരണത്തിന്റെ ഫോക്കസ് തന്നെ നെയ്യാറ്റിന്‍കരയിലെ രാജിയെചുറ്റിപ്പറ്റിയായിക്കഴിഞ്ഞു.
പൊടുന്നനെയുള്ള സംഭവവികാസമായിരുന്നില്ല രാജി. തന്നെയും ഒപ്പം നിന്നവരില്‍ ഒരു പ്രത്യേക വിഭാഗത്തെയും മനഃപൂര്‍വമായി ഔദ്യോഗിക വിഭാഗം ഒതുക്കുന്നുവെന്ന പരാതി ഏറെ നാളായി സെല്‍വരാജ് ഉയര്‍ത്തുന്നുണ്ടായിരുന്നു. സമ്മേളന കാലയളവിലെ പോര് ഇതിന് മൂര്‍ച്ച കൂട്ടി. സെല്‍വരാജിനെ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിപോലുമാക്കാതായപ്പോള്‍ അകല്‍ച്ച പൂര്‍ണമായി.
യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നോ രാജിയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. രാജി യു. ഡി.എഫ് നടത്തിയ കുതിരക്കച്ചവടമാണെന്ന് സി.പി.എം ആരോപണം ഉന്നയിച്ചുകഴിഞ്ഞു. രാജിവയ്ക്കുന്നതിന് മുമ്പേ അദ്ദേഹം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചുവെന്നും രാജി ഉറപ്പിച്ചുവെന്നുമാണ് സി.പി.എം നേതാക്കളുടെ വിമര്‍ശം. ഒരു ദിവസം കൊണ്ടുണ്ടായ തീരുമാനമല്ലാത്തതിനാല്‍ ഇതിന് ഒറ്റവരിയില്‍ ഉത്തരം പറയുക എളുപ്പമല്ല.
കുറേ നാളുകളായി നീറിനിന്ന പ്രശ്‌നമായതിനാല്‍ യു.ഡി. എഫുമായി സെല്‍വരാജ് ക്യാമ്പ് നേരത്തെ തന്നെ ആശയവിനിമയം നടത്തിവരികയായിരുന്നുവെന്നാണ് വിവരം. ഒരാഴ്ചയായി നീക്കത്തിന് നിയതമായ രൂപംവന്നു. രണ്ടുമൂന്നുദിവസം കൂടി കഴിഞ്ഞ് മതി രാജിയെന്നായിരുന്നു ധാരണ. എന്നാല്‍ കഴിഞ്ഞ ദിവസം വിവരം ചെറുതായി ചോര്‍ന്നുതുടങ്ങി. അതോടെ രാജി വൈകിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ രാജി സന്നദ്ധനായി സെല്‍വരാജ് സ്വയം മുന്നോട്ടുവന്നതാണെന്ന് യു.ഡി.എഫ് നേതാക്കള്‍ ആണയിട്ടുപറയുന്നു. രാജി യു.ഡി.എഫിന്റെ അറിവോടെയായിരുന്നുവെന്നത് സത്യം. എം.എല്‍. എമാരുടെ എണ്ണത്തില്‍ ബുദ്ധിമുട്ടുന്ന യു.ഡി.എഫ് അത്തരമൊരന്തരീക്ഷം ഉപയോഗപ്പെടുത്തുക സ്വാഭാവികം മാത്രം.
തെക്കന്‍ കേരളത്തിലെ പ്രമുഖ ജനവിഭാഗമായ നാടാര്‍ സമൂഹത്തിന്റെ കാതലായ പിന്തുണ സെല്‍വരാജിനുണ്ട്. സെല്‍വരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുമ്പോഴും ഒപ്പം നില്‍ക്കുന്നവരെ സി.പി.എം വെറുതെ വിടുന്നതിന് കാരണമിതാണ്. രാജി പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ യു.ഡി.എഫിലേക്ക് പോകുന്നത് ആത്മഹത്യാപരമെന്നാണ് സെല്‍വരാജ് വിശേഷിപ്പിച്ചതെങ്കിലും അത് എക്കാലത്തേക്കും നിലനില്‍ക്കുന്ന വാക്കായിക്കൊള്ളണമെന്നില്ല. യു.ഡി.എഫുമായി ധാരണയുണ്ടാക്കാനുള്ള സമയവുമായില്ല. മാത്രമല്ല യു.ഡി. എഫ് ബന്ധത്തിന് ഇപ്പോള്‍ സൂചന നല്‍കുന്നത് രാജി കുതിരക്കച്ചവടമെന്ന സി.പി.എമ്മിന്റെ ആരോപണത്തെ ശരിവയ്ക്കലുമാകും.
ആറ് മാസത്തിനകം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സെല്‍വരാജ് മത്സരിക്കാന്‍ തയ്യാറായിക്കൂടെന്നില്ല. പൊതുരംഗത്ത് തുടരുമെന്ന് അദ്ദേഹം അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. സെല്‍വരാജ് സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറായാല്‍ യു.ഡി.എഫ് പിന്തുണ നല്‍കിയുള്ള പരീക്ഷണത്തിന് തയ്യാറായേക്കും. അഥവാ സെല്‍വരാജ് മത്സരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെയും ഒപ്പം നില്‍ക്കുന്ന ജനവിഭാഗത്തിന്റെയും പിന്തുണ ഉപതിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. സെല്‍വരാജിനെ മുന്‍നിര്‍ത്തി യു.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ പരീക്ഷണത്തിന്റെ മാറ്റുരയ്ക്കലാകും ഇനി