വേനല്‍ നേരിടാന്‍ പ്രതീക്ഷ ശബരിഗിരി പദ്ധതി
- Last Updated on 09 March 2012
സീതത്തോട്(പത്തനംതിട്ട):വൈദ്യുതി ഉപഭോഗം റെക്കോഡിലെത്തിയതോടെ പ്രതിസന്ധിയിലായ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ഇപ്പോള്‍ പ്രതീക്ഷ ശബരിഗിരി പദ്ധതിയില്‍. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ ശബരിഗിരിയിലാണ് ഇപ്പോള്‍ ഏറ്റവും അധികം വെള്ളം ശേഷിക്കുന്നത്;63ശതമാനം. വേനലിലെ പ്രശ്‌നങ്ങള്‍ ഇതുപയോഗിച്ച് പരിഹരിക്കാമെന്ന് ബോര്‍ഡ് കണക്കുകൂട്ടുന്നു.
ശബരിഗിരി പദ്ധതിയിലെ ആറ് ജനറേറ്ററുകളില്‍ അഞ്ചും ഉദ്പാദനസജ്ജമാണ്. ഉദ്പാദനത്തിന്റെ അളവ് അതിനാല്‍ ഏതു സമയത്തും കൂട്ടാനുമാകും.
വേനല്‍ രൂക്ഷമായതോടെ ബോര്‍ഡിന്റെ ചെറുകിട പദ്ധതികളില്‍ പലതിലും ഉദ്പാദനം നിലയ്ക്കുന്ന സ്ഥിതിയാണ്. ഇടുക്കിയില്‍ 45 ശതമാനം വെള്ളമേയുള്ളൂ.
വേനല്‍ ഏറിയതോടെ സംസ്ഥാനത്തെ പ്രതിദിന ഉപയോഗം 60.20 ലക്ഷം യൂണിറ്റ് വരെയായി. വേനല്‍ കടുത്താല്‍ സംഭരണികളിലെ ജലനിരപ്പ് പെട്ടെന്ന് കുറയും. ശബരിഗിരി ഉള്‍പ്പെടെയുള്ള വലിയ പദ്ധതികളുടെ സംഭരണികളിലേക്ക് വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു. ശേഷിക്കുന്ന വെള്ളം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയെന്നതാണ് പോംവഴി. എന്നാല്‍, മഴ പെയ്യാന്‍ വൈകിയാല്‍ സ്ഥിതി ഗുരുതരമാകും. ശബരിഗിരിയിലെ അഞ്ച് ജനറേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ മെയ് മാസത്തോടെ ഇവിടത്തെ വെള്ളവും തീരുമെന്ന ഭീഷണിയും അധികൃതര്‍ക്കു മുന്നിലുണ്ട്.