ഒളിമ്പിക്‌സ് സുരക്ഷയ്ക്ക് ഫ്ലാറ്റുകള്‍ക്ക് മുകളില്‍ മിസൈല്‍
- Last Updated on 30 April 2012
- Hits: 10
ലണ്ടന്‍: ഒളിമ്പിക്‌സിനുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ലണ്ടനിലെ ഫ്ലാറ്റുകളുടെ മുകളില്‍ മിസൈലുകള്‍ സ്ഥാപിക്കുന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നു. കരയില്‍ നിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന മിസൈലുകളാകും സാധാരണക്കാരുടെ പാര്‍പ്പിടങ്ങള്‍ക്കു മുകളില്‍ സ്ഥാപിക്കുക.
അതിദ്രുത മിസൈല്‍ സംവിധാനം സ്ഥാപിക്കുന്ന കാര്യം പരാമര്‍ശിക്കുന്ന ലഘുലേഖകള്‍ കിഴക്കന്‍ ലണ്ടനിലെ 700താമസക്കാരുള്ള ഫ്ലാറ്റില്‍ ലഭിച്ചു. എന്നാല്‍, ഒളിമ്പിക്‌സ്‌നടക്കുമ്പോള്‍ ഭൂതല മിസൈല്‍ സ്ഥാപിക്കണമോ എന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ വക്താവ് പറയുന്നത്.
അതേസമയം, അടുത്തയാഴ്ച മിസൈല്‍ പരീക്ഷണം നടത്താനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ഇവിടത്തെ താമസക്കാരിലൊരാളായ ബ്രയാന്‍ വെലാന്‍ അവകാശപ്പെട്ടു. മിസൈല്‍ സ്ഥാപിക്കാനുള്ള ഉപകരണവുമായി പട്ടാളക്കാര്‍ കെട്ടിടത്തിലേക്ക് പോകുന്നത് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലാറ്റിലെ ജലസംഭരണിക്കു മുകളില്‍ മിസൈല്‍ വെക്കുമെന്നാണ് ലഘുലേഖയില്‍ പറയുന്നത്. 10 സുരക്ഷാ ഓഫീസര്‍മാരും പോലീസുകാരും 24 മണിക്കൂറും ഇവിടെയുണ്ടാകും. മെയ് രണ്ട് മുതല്‍ ഏഴുവരെ നടക്കുന്ന സൈനികാഭ്യാസ പ്രകടനത്തിന്റെ ഭാഗമായാണ് ഇതെന്നും ലഘുലേഖയില്‍ പറയുന്നു. ഒളിമ്പിക്‌സ് മുന്നോടിയായി സായുധ സേനകളുടെ ശേഷി പരിശോധിക്കുന്നതിനുള്ള അഭ്യാസ പ്രകടനങ്ങള്‍ മെയ് രണ്ടു മുതല്‍ 10 വരെ നടക്കുമെന്നും ലേഖ വ്യക്തമാക്കുന്നു.