ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചു
- Last Updated on 09 May 2012
- Hits: 3
വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇന്ത്യ ഗണ്യമായ കുറവു വരുത്തിയതായി യു.എസ്. ജനപ്രതിനിധിസഭാ റിപ്പോര്‍ട്ട്.
ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ അളവ്
2008 മുതല്‍ ഇന്ത്യ കുറച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യ നിലവില്‍ ഇറക്കുമതി ചെയ്യുന്ന ആകെ എണ്ണയുടെ 10 ശതമാനം മാത്രമേ ഇപ്പോള്‍ ഇറാന്‍ നല്കുന്നുള്ളൂ. 2008ല്‍ ഇത് 16 ശതമാനമായിരുന്നു- കോണ്‍ഗ്രഷണല്‍ റിസെര്‍ച്ച് സര്‍വീസ്(സി.ആര്‍.എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസ്. കോണ്‍ഗ്രസിലെ സ്വതന്ത്ര ഗവേഷക സംഘമാണ് 80 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനമുള്ള രാജ്യമാണ് ഇറാന്‍. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കണമെന്നത് അമേരിക്കയുടെ ആവശ്യമാണ്. ഇറാനുമേല്‍ തങ്ങളേര്‍പ്പെടുത്തിയ ഉപരോധം വിജയിക്കണമെങ്കില്‍ അതു വേണമെന്നാണ് അവരുടെ പക്ഷം.
ഇനിയും ഇറക്കുമതി കുറയ്ക്കുമെന്ന് ഇന്ത്യന്‍ നേതാക്കളാരും പരസ്യമായി ഉറപ്പുനല്കുന്നില്ലെങ്കിലും അതിന് പദ്ധതിയുള്ളതായാണ് മാധ്യമങ്ങളും വ്യവസായ സ്ഥാപനങ്ങളും പറയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ടാറ്റ തുടങ്ങിയ വന്‍കിട കമ്പനികള്‍ ഇറാനുമായുള്ള ബന്ധം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തതായി ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചതായും യു.എസ്.ജനപ്രതിനിധിസഭാ റിപ്പോര്‍ട്ടിലുണ്ട്.