സര്‍ക്കോസി വീണു; ഫ്രാന്‍സില്‍ ഇനി ഫ്രാന്‍സ്വാ ഹോളണ്ട്
- Last Updated on 07 May 2012
- Hits: 3
പാരിസ്• ഫ്രാന്‍സിന്‍റെ പുതിയ പ്രസിഡന്‍റായി സോഷ്യലിസ്റ്റ് നേതാവ് ഫ്രാന്‍സ്വാ ഹോളണ്ട് (57) തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍, നിലവിലുള്ള പ്രസിഡന്‍റ് നിക്കൊളാസ് സര്‍ക്കോസിയെയാണു ഹോളണ്ട് പിന്നിലാക്കിയത്. ഹോളണ്ട് 51.9 ശതമാനംവോട്ട് നേടിയപ്പോള്‍ സര്‍ക്കോസിക്ക് 48.2% വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.പരാജയം സമ്മതിച്ചു
സര്‍ക്കോസി നടത്തിയ ഹൃസ്വ പ്രസംഗത്തില്‍ രാജ്യത്തിനുവേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുവെങ്കിലും എല്ലാറ്റിലും വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും പരാജയം സമ്മതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് ജനത അവരുടെ തീരുമാനം എടുത്തിരിക്കുന്നു, തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. ജൂണില്‍ നടക്കുന്ന പാര്‍ലമെന്‍ററി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ താനില്ല.പുതിയ പ്രസിഡന്‍റിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. സര്‍ക്കോസി പറഞ്ഞു. ഹോളണ്ടിന്‍റെ വിജയം ഉറപ്പായെന്ന്, വോട്ടെടുപ്പ് അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പു തന്നെ രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാഴ്ച മുന്‍പു നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലും ഹോളണ്ട് തന്നെയായിരുന്നു ഒന്നാമന്‍. അന്നു സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 51% വോട്ട് നേടാന്‍ കഴിയാത്ത സാഹചര്യത്തിലാണ്, ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മില്‍ നേരിട്ടു മല്‍സരിക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് വേണ്ടിവന്നത്. ഫ്രഞ്ച് ജനത മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണു നിലവിലുള്ള പ്രസിഡന്‍റിനെ പരാജയപ്പെടുത്തുന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ പ്രസിഡന്‍റ് പിന്നിലായിപ്പോകുന്നതാകട്ടെ, ഫ്രാന്‍സിന്‍റെ ചരിത്രത്തില്‍ ആദ്യവും. സാന്പത്തിക തിരിച്ചടികളെത്തുടര്‍ന്നു രണ്ടു വര്‍ഷത്തിനിടെ യൂറോ സോണ്‍ മേഖലയില്‍ ഭരണം നഷ്ടപ്പെടുന്ന പതിനൊന്നാമത്തെ രാഷ്ട്രത്തലവനാണു സര്‍ക്കോസി. 1995ല്‍ ഫ്രാന്‍സ്വാ മിറ്ററാന്‍ഡ് സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായിട്ടാണു ഫ്രാന്‍സില്‍ സോഷ്യലിസ്റ്റ് പ്രസിഡന്‍റ് അധികാരത്തിലെത്തുന്നത്. സാന്പത്തിക പ്രതിസന്ധി നേരിടാനുള്ള ചെലവുചുരുക്കല്‍ പദ്ധതികള്‍ക്കു പകരം സാന്പത്തിക വളര്‍ച്ചയ്ക്കുള്ള നയങ്ങള്‍ കൊണ്ടുവരുമെന്നാണു ഹോളണ്ടിന്‍റെ പ്രഖ്യാപനം.ഫ്രാന്‍സിനു പുറത്ത് അധികം അറിയപ്പെടാത്ത ഫ്രാന്‍സ്വാ ഹോളണ്ട് ഇതുവരെ മന്ത്രിസ്ഥാനമോ മറ്റു നിര്‍ണായക പദവികളോ വഹിച്ചിട്ടില്ല. 1988 മുതല്‍ പാര്‍ലമെന്‍റ് അംഗമാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഹോളണ്ടിന്‍റെ നയതന്ത്രവൈദഗ്ധ്യം ഉടന്‍ തന്നെ മാറ്റുരയ്ക്കപ്പെടും. നാറ്റോ ഉച്ചകോടി ഈ മാസാവസാനം ഷിക്കാഗോയിലും ജി-20 ഉച്ചകോടി അടുത്തമാസം മെക്സിക്കോയിലും നടക്കാനിരിക്കുകയാണ്. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗവും യൂറോപ്പിലെ രണ്ടാമത്തെ വലിയ സാന്പത്തിക ശക്തിയുമായ ഫ്രാന്‍സില്‍ സോഷ്യലിസ്റ്റ് നേതാവ് അധികാരത്തിലെത്തുന്നത് രാജ്യാന്തര തലത്തിലും നിര്‍ണായക വഴിത്തിരിവാകും. കഴിഞ്ഞ മൂന്നു പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. നാലരക്കോടി വോട്ടര്‍മാരില്‍ 76% പേര്‍ വോട്ട് ചെയ്തു. 2007ല്‍ 75.11%, 2002ല്‍ 67.62% എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം.