10May2012

You are here: Home World ടൈഗര്‍ ഹനീഫിനെ നാടുകടത്താന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്

ടൈഗര്‍ ഹനീഫിനെ നാടുകടത്താന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്

ലണ്ടന്‍: ഗുജറാത്തിലെ ട്രെയിന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന തീവ്രവാദി ടൈഗര്‍ ഹനീഫിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന ടൈഗര്‍ ഫനീഫ് 1993 ല്‍ ഗുജറാത്തിലെ സൂറത്തിലുണ്ടായ ട്രെയിന്‍ സ്‌ഫോടനത്തിലെ മുഖ്യ ആസൂത്രകനാണെന്നാണ്

പോലീസിന്റെ കണ്ടെത്തല്‍. 

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് ഹനീഫിനെ നാടുകടത്താന്‍ ഉത്തരവിട്ടത്. ഇയാളെ ചോദ്യംചെയ്യുന്നതിലൂടെ ലഷ്‌കര്‍ ബന്ധങ്ങളും അതുവഴി ദാവൂദ് ഇബ്രാഹിമിന്റെ പങ്കാളിത്തം ഉള്‍പ്പടെയുള്ള സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. 

ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഹനീഫിനെ ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാഞ്ചസ്റ്ററിലെ ബോള്‍ട്ടണില്‍ ഒരു കടയില്‍ ജോലിക്കാരനായി കഴിഞ്ഞിരുന്ന 50 കാരനായ ഹനീഫിനെ സ്‌കോട്ട്‌ലാന്‍ഡ്‌യാര്‍ഡ് പോലീസാണ് പിടികൂടിയത്. മൊഹമ്മദ് പട്ടേല്‍ എന്ന പേരിലായിരുന്നു ഇയാള്‍ അവിടെ 14 വര്‍ഷം ജോലിക്കാരനായി തുടര്‍ന്നത്. 

2010 ഫിബ്രവരിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതി ഉത്തരവിനെതിരെ ഹനീഫിന് അപ്പീല്‍ നല്‍കാന്‍ കഴിയും. ബ്രിട്ടീഷ് ആഭ്യന്തരമന്ത്രിയായിരിക്കും ഉത്തരവ് ശരിവെച്ച് ഹനീഫിനെ വിചാരണയ്ക്കായി ഇന്ത്യക്ക് കൈമാറുന്നതില്‍ അന്തിമമായി തീരുമാനമെടുക്കുക. 

ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്ന ഹനീഫ് ദാവൂദിന്റെ ഗുജറാത്തിലെ ഓപ്പറേഷനുകളുടെ ചുമതലക്കാരനായിരുന്നു. പാകിസ്താനില്‍ നിന്നും ആയുധങ്ങളും മയക്കുമരുന്നും ഗുജറാത്ത് തീരം വഴിയാണ് ടൈഗര്‍ ഹനീഫും സംഘവും കടത്തിയിരുന്നത്.

സൂറത്ത് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് ഗുജറാത്ത് എക്‌സ്പ്രസിന് നേര്‍ക്ക് ഹനീഫും മറ്റ് മൂന്നു പേരും ഉള്‍പ്പെടുന്ന സംഘം ഗ്രെനേഡ് എറിയുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിന് ശേഷം പാകിസ്താനിലേക്ക് കടക്കുകയും അവിടെ നിന്ന് ബ്രിട്ടനിലെത്തുകയുമായിരുന്നു ഹനീഫ്.

Newsletter