കര്‍സായിയെ അട്ടിമറിക്കാന്‍ ഉസാമ പദ്ധതിയിട്ടു
- Last Updated on 03 May 2012
- Hits: 4
ഇസ്ലാമബാദ്: അമേരിക്ക അഫ്ഗാനിസ്താന് വിട്ടശേഷം പ്രസിഡന്റ് ഹമീദ് കര്‍സായിയെ അട്ടിമറിച്ച് ആ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഉസാമ ബിന്‍ ലാദന് തന്ത്രം മെനഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍. ഉസാമ കൊല്ലപ്പെട്ട പാകിസ്താനിലെ ആബട്ടാബാദിലുള്ള വീട്ടില്‍ നിന്ന് യു.എസ്. സേന പിടിച്ചെടുത്ത രേഖകളിലാണ് ഈ വിവരമുള്ളത്.
താലിബാന്റെയും ഹഖ്ഖാനി ശൃംഖലയുടെയും സഹായത്തോടെ ഇത് നടപ്പാക്കാനായിരുന്നു നീക്കം. താലിബാന്റെ നേതൃസമിതിയായ ക്വെറ്റ ഷൂറയുമായും പാകിസ്താനിലെ വടക്കന്‍ വസീറിസ്താന് നിയന്ത്രിക്കുന്ന ഹഖ്ഖാനി ശൃംഖലയോടും ഇക്കാര്യം അദ്ദേഹം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
അഫ്ഗാനിസ്താന്റെ ഭാവി രൂപവത്കരിക്കുന്നതിനെക്കുറിച്ചുള്ള ഉസാമയുടെ ചിന്തകള്‍ വീട്ടില്‍ നിന്ന് കിട്ടിയ രേഖകളിലുണ്ട്. എന്നാല്‍, സി.ഐ.എ. ആക്രമണങ്ങളും അനുഭവപരിചയമില്ലാത്ത നേതാക്കളും ചേര്‍ന്ന് താറുമാറാക്കിയ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അങ്കലാപ്പുകളും ഇവയിലുണ്ട്.
യു.എസിലെ വെസ്റ്റ് പോയന്റിലുള്ള മിലിറ്ററി അക്കാദമിയിലെ ഭീകരതയെ പ്രതിരോധിക്കുന്നതിനുള്ള കേന്ദ്രമായ കോമ്പാറ്റിങ് ടെററിസം സെന്ററില്‍ ഈ രേഖകളില്‍ നിന്ന് തിരഞ്ഞെടുത്തവ പ്രദര്‍ശിപ്പിക്കും.
ഉസാമ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുമ്പോഴാണ് ഈ രേഖകളുടെ ഉള്ളടക്കം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് രണ്ടിനായിരുന്നു യു.എസിന്റെ പ്രത്യേക സേന പാകിസ്താനിലെ ആബട്ടാബാദില്‍ ഉസാമ ഒളിച്ചുതാമസിച്ചിരുന്ന ബംഗ്ലാവില്‍ കടന്ന് അദ്ദേഹത്തെ വധിച്ചത്. മൃതദേഹം കടലില്‍ താഴ്ത്തുകയും ബംഗ്ലാവ് പൊളിച്ചു കളയുകയും ചെയ്തു. ശവകുടീരവും ബംഗ്ലാവും ഉസാമയുടെ സ്മാരകങ്ങളാ കാതിരിക്കാനായിരുന്നു നടപടി.