പുതിന്‍ വീണ്ടും പ്രസിഡന്‍റ്
- Last Updated on 08 May 2012
- Hits: 2
മോസ്‌കോ: നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം റഷ്യയുടെ പ്രസിഡന്‍റായി വ്‌ളാദിമിര്‍ പുതിന്‍ തിങ്കളാഴ്ച സ്ഥാനമേല്‍ക്കും. നിലവില്‍ പ്രധാനമന്ത്രിയായ പുതിന്‍ വീണ്ടും പ്രസിഡന്‍റാവുന്നതിനെതിരെ ജനകീയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ കൂറ്റന്‍ പ്രക്ഷോഭം നടത്താനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷകക്ഷികള്‍.
പുതിന്റെ സ്ഥാനാരോഹണത്തിന്റെ തലേന്നാളായ ഞായറാഴ്ച വൈകുന്നേരം ജനങ്ങള്‍ വ്‌ളാഡിവോസ്‌തോക്കില്‍ പ്രതിഷേധപ്രകടനം നടത്തി.
ജനാധിപത്യം എന്നെഴുതിയ കറുത്ത ശവപ്പെട്ടിയും വഹിച്ചുകൊണ്ടാണ് നൂറിലേറെപ്പേര്‍ പ്രകടനം നടത്തിയത്. ക്രെംലിന്‍ കൊട്ടാരത്തിലാണ് പുതിന്റെ സ്ഥാനാരോഹണം നടക്കുന്നത്. 59 കാരനായ പുതിന്‍ വീണ്ടും പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്നതിനെ രാജ്യത്തെ ഒട്ടേറെപ്പേര്‍ എതിര്‍ക്കുകയാണ്. മാര്‍ച്ച് നാലിന് നടന്ന തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ് പുതിന്‍ പ്രസിഡന്‍റ് സ്ഥാനം നേടിയതെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് പുതിന്‍ പറയുന്നത്.